ഹിജാബ് സ്ത്രീകളെ ദുര്‍ബലരാക്കുന്നു; ഹിജാബ് വിഷയത്തില്‍ സിനിമ നിർമ്മിക്കുമെന്ന് കങ്കണ റണാവത്

single-img
19 February 2022

കര്‍ണാടകയിൽ ഉണ്ടായി, രാജ്യമാകെ ചർച്ചയായ ഹിജാബ് വിവാദത്തില്‍ പ്രതികരിച്ച് ബോളിവുഡ് നടി കങ്കണ റണാവത്. ഹിജാബ് സ്ത്രീകളെ ദുര്‍ബലരാക്കുകയാണെന്ന് പറഞ്ഞ അവർ, ഈ വിഷയത്തില്‍ തനിക്ക് ആശങ്കയുണ്ടെന്നും ഹിജാബ് സ്‌കൂളുകളില്‍ ധരിക്കരുതെന്നും ആവശ്യപ്പെട്ടു.

കങ്കണയുടെ പുതിയ റിയാലിറ്റി ഷോയായ ലോക്ക് അപ്പിന്റെ പ്രൊമോഷന്‍ പരിപാടിക്കിടെയാണ് ഇത്തരത്തിലുള്ള പ്രതികരണം ഉണ്ടായത്. കങ്കണയുടെ വാക്കുകൾ ഇങ്ങിനെ: ‘ സ്‌കൂളുകളിൽ ഒരിക്കലും ഹിജാബ് അനുവദനീയമല്ല. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലത്തിലാണ് ഈ വിവാദം ചിലര്‍ ഉയര്‍ത്തിക്കൊണ്ട് വന്നത്. ഇത് മുസ്ലിം സ്ത്രീകളുടെ വിദ്യാഭ്യാസത്തെ ബാധിക്കും.

നേരത്തെ ജമ്മുകശ്മീരില്‍ ഉന്നതവിജയം നേടിയ പെണ്‍കുട്ടി തട്ടം ധരിക്കാത്തതിന് അവര്‍ക്കെതിര ഫത്വ പുറപ്പെടുവിച്ചു. നിങ്ങള്‍ സ്ത്രീകളെ ദുര്‍ബലരാക്കുകയാണ്. അവര്‍ക്കെതിരെ വധഭീഷണി ഉയരുന്നുണ്ട്. മോഡേണ്‍ ലൈഫ് സ്‌റ്റൈല്‍ ആഗ്രഹിക്കുന്ന മുസ്ലിം സ്ത്രീകളുടെ സുരക്ഷയില്‍ ആശങ്കയുണ്ട്. ഈ മധ്യകാലഘട്ട പ്രത്യയശാസ്ത്രവുമായി എങ്ങോട്ടാണ് നമ്മള്‍ പോവുന്നത്.

യൂണിഫോം എന്ന് പറഞ്ഞാൽ എല്ലവരെയും ഒരേ പോലെ കാണാന്‍ വേണ്ടിയുള്ള ഒന്നാണ്. നിങ്ങളുടെ മതം, ജാതി, ലിംഗം എന്നീ വ്യത്യാസങ്ങള്‍ മാറ്റി വെച്ച് സ്‌കൂളിലേക്ക് ഒരു പോലെ വരൂ. ഈ വിഷയത്തില്‍ എനിക്കേറെ സംസാരിക്കാനുണ്ട്. ഹിജാബ് വിഷയത്തില്‍ ഞാന്‍ ഒരു സിനിമ നിര്‍മ്മിക്കുന്നുണ്ട്. അതാണ് എന്റെ അടുത്ത പ്രൊജക്റ്റ്’