രാജ്യത്തെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളിലും ഒരേ ഡ്രസ് കോഡ് നടപ്പാക്കണം; സുപ്രീംകോടതിയിൽ പൊതുതാല്‍പര്യഹര്‍ജി

single-img
12 February 2022

കർണാടകയിൽ ഉണ്ടായ ഹിജാബ് വിവാദത്തിന്‍റെ പശ്ചാത്തലത്തില്‍ രാജ്യത്തെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളിലും ഒരേ ഡ്രസ് കോഡ് വേണമെന്ന ആവശ്യവുമായി സുപ്രീംകോടതിയിൽ പൊതുതാല്‍പര്യഹര്‍ജി.

കലാലയങ്ങളിൽ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം അധ്യാപകര്‍ക്കും ഡ്രസ് കോഡ് വേണമെന്നും സമത്വവും സാഹോദര്യവും ദേശീയോദ്ഗ്രഥനവും ഉറപ്പുവരുത്താനാണ് ഇതെന്നുമാണ് നിഖില്‍ ഉപാധ്യായ എന്നയാള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹര്‍ജിയില്‍ പറയുന്നത്.

ഇതോടൊപ്പം ഹിജാബ് നിരോധനത്തിനെതിരെ രാജ്യ തലസ്ഥാനമായ ഡൽഹിയിൽ പ്രതിഷേധ പ്രകടനങ്ങള്‍ നടന്ന കാര്യവും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. വിഷയത്തിൽ കേന്ദ്ര, സംസ്ഥാനസർക്കാരുകൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും സുപ്രീംകോടതി നിർദേശം നൽകണം എന്നാണ് ഹർജിയിൽ ആവശ്യപ്പെടുന്നത്.

അതേസമയം, ഇന്നലെ ഹിജാബ് വിവാദവുമായി ബന്ധപ്പെട്ട് ഒരു കൂട്ടം ഹർജികൾ സുപ്രീംകോടതിക്ക് മുമ്പാകെ എത്തിയിരുന്നു. പക്ഷെ ഭരണഘടനാപരമായ അവകാശങ്ങള്‍ സംരക്ഷിക്കാൻ ആവശ്യമെങ്കിൽ ഉചിതമായ സമയത്ത് ഇടപെടുമെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി വിഷയത്തില്‍ അടിയന്തര വാദം കേട്ടില്ല.