സവിശേഷാധികാരം ഉപയോഗിച്ച് നിയമസഭ നിർത്തിവച്ച് ബംഗാൾ ഗവർണർ; രാഷ്ട്രീയപ്രേരിതമെന്ന് തൃണമൂൽ

single-img
12 February 2022

ഭരണഘടന നൽകുന്ന സവിശേഷാധികാരം ഉപയോഗിച്ച് സംസ്ഥാന നിയമസഭ നിർത്തിവച്ച് പശ്ചിമബംഗാൾ ഗവർണർ ജഗ്ദീപ് ധൻകർ. ഗവർണറും സംസ്ഥാന മുഖ്യമന്ത്രി മമത ബാനർജിയും തമ്മിലുള്ള ശീതസമരം തുടരുന്നതിനിടെയാണ് രാജ്ഭവന്റെ ഈ അപ്രതീക്ഷിത നീക്കം.

ഈ മാസം 12 മുതൽ വളരെ അടിയന്തര പ്രാധാന്യത്തോടെ സഭ നിർത്തിവയ്ക്കുന്നു എന്നാണ് രാജ്ഭവൻ പുറത്തിറക്കിയ വാർത്താകുറിപ്പിൽ പറയുന്നത്. ഇന്ത്യൻ ഭരണഘടനയുടെ 174-ാം വകുപ്പിന് കീഴിലുള്ള രണ്ടാം വ്യവസ്ഥയിലെ എ സബ് ക്ലോസ് പ്രകാരമാണ് ഗവർണറുടെ ഈ അസാധാരണ ഉത്തരവ്.

നിയമസഭയുടെ അടുത്ത സമ്മേളനത്തില്‍ ഗവർണർക്കെതിരെ പ്രമേയം കൊണ്ടുവരുമെന്ന് നേരത്തെ പാർലമെന്റ് വകുപ്പു മന്ത്രി പാർത്ഥ ചാറ്റർജി അറിയിച്ചിരുന്നു. അതേപോലെ തന്നെ, ധൻകറെ ബംഗാൾ ഗവർണർ സ്ഥാനത്തു നീക്കണമെന്ന് ആവശ്യപ്പെട്ട് ടിഎംസി എംപി സുകേന്ദു ശേഖർ റായ് കഴിഞ്ഞ ദിവസം രാജ്യസഭയിൽ പ്രമേയവും കൊണ്ടുവന്നിരുന്നു.

തേസമയം, തികച്ചും രാഷ്ട്രീയപ്രേരിതവും അപ്രതീക്ഷിതവുമാണ് ഗവർണറുടെ തീരുമാനമെന്ന് തൃണമൂൽ നേതൃത്വം പ്രതികരിച്ചു. ഇപ്പോൾ നിയമ സഭ നിർത്തിവച്ചതിനാൽ സർക്കാറിന് നിയമപരമായി ബജറ്റ് അവതരിപ്പിക്കാനുള്ള സാഹചര്യം ഇല്ലാതായി.