വിൻഡീസിനെതിരെ തകർപ്പൻ വിജയം; രോഹിതിന് കീഴില്‍ ആദ്യ പരമ്പര സ്വന്തമാക്കി ഇന്ത്യ

single-img
9 February 2022

വെസ്റ്റിൻഡീസിനെതിരെ ഇന്ത്യക്ക് രണ്ടാം ഏകദിനത്തിൽ 44 റൺസിന്റെ തകർപ്പൻ വിജയം. ഇന്നത്തെ ജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര ഇന്ത്യ സ്വന്തമാക്കുകയും ചെയ്തു. ഇന്ത്യയ്ക്കായി ഒമ്പത് ഓവറിൽ 12 റൺസ് വഴങ്ങി നാല് വിക്കറ്റ് നേടിയ പേസ്ബൗളർ പ്രസീദ് കൃഷ്ണയുടെ പ്രകടനമാണ് നിർണ്ണായകമായത്.

അതേസമയം, ശര്‍ദുല്‍ താക്കൂര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. രോഹിത് ശര്‍മ ക്യാപ്റ്റനായ ശേഷം ഇന്ത്യയുടെ ആദ്യ പരമ്പരയാണിത്. ചെറിയ വിജയലക്ഷ്യം പിന്തുടർന്ന വെസ്റ്റിൻഡീസ് ഇന്ത്യയുടെ ബൗളർമാർക്ക് മുന്നിൽ തകർന്നടിയുന്ന കാഴ്ചയാണ് ഇന്ന് അഹ്‌മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിൽ കണ്ടത്.

വെറും 76 റൺസെടുക്കുന്നതിനിടെ വെസ്റ്റിൻഡീസിന്റെ അഞ്ച് ബാറ്റർമാർ പുറത്തായി. 44 റൺസെടുത്ത ശമർ ബ്രൂക്ക്‌സാണ് വെസ്റ്റിൻഡീസിനെ വൻ തകർച്ചയിൽ നിന്ന് കരകയറ്റിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 237 റണ്‍സെടുത്തിരുന്നു. അർധസെഞ്ച്വറി നേടിയ സൂര്യകുമാർ യാദവും 49 റൺസെടുത്ത കെ.എൽ രാഹുലും ചേർന്നാണ് ഇന്ത്യയ്ക്ക് ഈ സ്‌കോർ നേടിത്തന്നത്.