ഗുരുവായൂർ ദേവസ്വത്തിന്റെ ‘ബ്രാഹ്മണരെ ആവശ്യമുണ്ട്’ പരസ്യം; മന്ത്രി ഇടപെട്ട് റദ്ദാക്കി

single-img
28 January 2022

ഗുരുവായൂർ വേവസ്വം പുറപ്പെടുവിച്ച ഉത്സവത്തിന്റെ ഭാഗമായ നേർച്ച വിതരണത്തിനും മറ്റു ദേഹണ്ഡ പ്രവൃത്തികൾക്കും ബ്രാഹ്മണരെ ആവശ്യമുണ്ടെന്ന ക്വട്ടേഷൻ പരസ്യം മന്ത്രി കെ രാധാകൃഷ്ണൻ ഇടപെട്ട് റദ്ദാക്കി. വിഷയം ശ്രദ്ധയിൽപ്പെട്ടയുടൻ മന്ത്രി ഇടപെട്ട് ഒഴിവാക്കാൻ കർശന നിർദേശം നൽകുകയായിരുന്നു.

ക്ഷേത്രത്തിൽ പാചകത്തിന് എത്തുന്ന ദേഹണ്ഡക്കാരും സഹായികളും ബ്രാഹ്മണർ തന്നെ ആയിരിക്കണമെന്നായിരുന്നുഈ മാസം 17ന് പുറത്തിറക്കിയ ക്വട്ടേഷൻ നോട്ടീസിലുണ്ടായിരുന്നത്. ഗുരുവായൂർ ദേവസ്വം അഡ്മിനിസ്‌ട്രേറ്ററാണ് ക്വട്ടേഷൻ നോട്ടീസ് പുറത്തിറക്കിയത്. ഇതിനെതിരെ രൂക്ഷവിമർശനമാണ് സോഷ്യൽമീഡിയയിൽ ഉൾപ്പെടെ ഉണ്ടായത്.

കൊവിഡ് വൈറസ് വ്യാപന സാഹചര്യത്തിൽ സർക്കാർ പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾക്കനുസൃതമായി ഉത്സവ പരിപാടികൾ നടത്തുന്നതിനാൽ ഉത്സവത്തിന്റെ ഭാഗമായ പകർച്ചയും മറ്റും ഒഴിവാക്കി. അതുകൊണ്ട് പാചകത്തിനായി ദേഹണ്ഡക്കാരെ ക്ഷണിക്കേണ്ടതില്ലെന്നും വെള്ളിയാഴ്ച ചേർന്ന ദേവസ്വം കമ്മിറ്റി തീരുമാനിച്ചതായി മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

”പ്രസാദ ഊട്ട്, പകർച്ച വിതരണം എന്നിവക്കാവശ്യമായ ഭക്ഷണം ഉണ്ടാക്കുന്നതിലേക്കായി ദേഹണ്ഡപ്രവർത്തി, പച്ചക്കറി സാധനങ്ങൾ മുറിച്ച് കഷ്ണങ്ങളാക്കൽ, കലവറയിൽ നിന്നും സാധനസാമിഗ്രികൾ ഊട്ടുപുരയിലേക്ക് എത്തിക്കൽ, പാകം ചെയ്തവ വിതരണപന്തലിലേക്കും ബാക്കി വന്നവയും പാത്രങ്ങളും തിരികെ ഊട്ടുപുരയിലേക്ക് എത്തിക്കൽ, രണ്ട് ഫോർക്ക് ലിഫ്റ്റ് സംവിധാനം ഏർപ്പെടുത്തൽ” ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കായിരുന്നു ക്വട്ടേഷൻ ക്ഷണിച്ചിരുന്നത്.ഇതിൽ ഏഴാമത്തെ നിബന്ധനയായാണ് ‘പാചക പ്രവർത്തിക്ക് വരുന്ന ദേഹണ്ഡക്കാരും സഹായികളും ബ്രാഹ്മണരായിരിക്കണം’ എന്ന നിർദേശമുണ്ടായിരുന്നത്.