സ്റ്റാലിന്‍ ക്ഷേത്രങ്ങള്‍ ഇടിച്ചുപരത്തുമെന്ന സൂചനയുള്ള ചിത്രങ്ങള്‍ പ്രചരിപ്പിച്ചു; തമിഴ്‌നാട്ടിൽ യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റിനെതിരെ കേസെടുത്തു

single-img
28 January 2022

തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനെതിരെ സോഷ്യൽ മീഡിയയിൽ വിദ്വേഷകരമായ വ്യാജവാര്‍ത്ത പ്രചരിപ്പിക്കാന്‍ ശ്രമിച്ചതില്‍ തമിഴ്നാട് യുവമോര്‍ച്ച അധ്യക്ഷനെതിരെ ചെന്നൈ പൊലീസ് കേസെടുത്തു. സമൂഹത്തിൽ വിദ്വേഷവും ഭയവും സൃഷ്ടിക്കാന്‍ വേണ്ടി പ്രചാരണം നടത്തയതിനാണ് യുവമോര്‍ച്ച അധ്യക്ഷന്‍ വിനോദ് പി ശല്‍വത്തിനെതിരെ പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കേസെടുത്തതെന്ന് പൊലീസ് അറിയിച്ചു.

ഇന്ത്യൻ ശിക്ഷാ നിയമം സെക്ഷന്‍ 153, 505(1),505 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ സംസ്ഥാനത്തെ ക്ഷേത്രങ്ങള്‍ ഇടിച്ചുപരത്തുമെന്ന സൂചനയുള്ള ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വിനോദ് പി ശല്‍വന്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. ഇളങ്കോവന്‍ എന്നയാള്‍ നൽകിയ പരാതിയുടെ അടിസ്ഥാനത്തില്‍ സെല്‍വത്തിനെതിരെ എഫ്ഐആര്‍ ഫയല്‍ ചെയ്തിട്ടുണ്ടെന്നും, വിഷയം അന്വേഷണത്തിനായി എടുത്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

എംകെ സ്റ്റാലിനുമായി സാമ്യതയുള്ള ഒരു കാരിക്കേച്ചര്‍ വിനോദ് പോസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ടാണ് ഇളങ്കോവന്‍ എന്നയാള്‍ പരാതി നല്‍കിയത്. രാജ്യത്തിന്റെ സ്വാതന്ത്ര സമരകാലത്ത് ഉണ്ടായിരുന്നതിനേക്കാള്‍ ഹിന്ദുയിസം അടിച്ചമര്‍ത്തപ്പെടുന്നത് ഈ കാലഘട്ടത്തിലാണെന്ന കുറിപ്പും വിനോദ് പോസ്റ്റ് ചെയ്തിരുന്നു.