നടപടിക്രമങ്ങൾ പൂർത്തിയായി; എയർ ഇന്ത്യയെ വീണ്ടും ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തു

single-img
27 January 2022

നീണ്ട 68 വർഷങ്ങൾക്ക് ശേഷം എയർ ഇന്ത്യ വീണ്ടും ടാറ്റ ഗ്രൂപ്പിന്റെ കൈകളിൽ എത്തിച്ചേർന്നു. കേന്ദ്ര സർക്കാരിൽ നിന്നും 18000 കോടി രൂപയ്ക്കാണ് ടാറ്റ ഇപ്പോൾ ഈ പൊതുമേഖലാ വിമാനക്കമ്പനിയെ ഏറ്റെടുത്തത്. ഇന്ന് ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയായതായി ഇന്‍വസ്റ്റ്മെന്‍റ് ആന്‍റ് പബ്ലിക് അസറ്റ് മാനേജ്മെന്‍റ് മന്ത്രാലയം അറിയിക്കുകയും ചെയ്തു.

കേന്ദ്ര വ്യോമയാന മന്ത്രാലയം എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് വിമാന സർവീസുകളുടെ മുഴുവൻ ഓഹരിയും എയർ ഇന്ത്യയുടെ കാർഗോ വിഭാഗമായ സാറ്റ്സിന്റെ 50 ശതമാനം ഓഹരിയുമാണ് ടാറ്റയ്ക്ക് കൈമാറിയത്. കോടികളുടെ കടം ഉണ്ടായിരുന്ന എയർ ഇന്ത്യയെ വിറ്റഴിക്കാൻ കേന്ദ്രസർക്കാർ പലതവണ ശ്രമം നടത്തിയിരുന്നു. അവസാനം കഴിഞ്ഞ ഒക്ടോബറിലാണ് 18,000 കോടി രൂപയ്ക്ക് ടാറ്റ ഗ്രൂപ്പ് ലേലത്തിനെടുത്തത്.

കമ്പനിക്കുണ്ടായിരുന്ന ആകെ കടത്തിൽ 15300 കോടി രൂപ ടാറ്റ ഏറ്റെടുക്കും. ലേലത്തിലെ ടെൻഡർ തുകയിൽ ബാക്കിയുള്ള 2700 കോടി രൂപ കേന്ദ്രസർക്കാരിന് പണമായി കൈമാറും.നേരത്തെ 1932ൽ ടാറ്റ സൺസ് ആരംഭിച്ച ടാറ്റ എയർലൈൻസ് (ആദ്യം ടാറ്റ എയർ സർവീസ്) ആണ് 1946ൽ എയർ ഇന്ത്യ ആയത്. 1953ൽ ദേശസാത്കരണത്തിന്റെ ഭാഗമായി ടാറ്റയിൽ നിന്ന് കമ്പനി കേന്ദ്ര സർക്കാർ ഏറ്റെടുക്കുകയായിരുന്നു.