ഒമിക്രോണ്‍ വകഭേദം ചര്‍മ്മത്തില്‍ 21 മണിക്കൂറിൽ കൂടുതലും പ്ലാസ്റ്റിക് പ്രതലങ്ങളില്‍ 8 ദിവസത്തിലേറെയും നിലനിൽക്കും; ഏറ്റവും പുതിയ ഗവേഷണ റിപ്പോര്‍ട്ട്

single-img
27 January 2022

കോവിഡിന്റെ ഏറ്റവും പുതിയ വകഭേദം ഒമിക്രോണ്‍ ലോകമാകെ പടരവെ ജപ്പാനില്‍ നിന്ന് ഏറ്റവും പുതിയ ഗവേഷണ റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നു. ഈ വകഭേദത്തിന് മനുഷ്യരുടെ ചര്‍മ്മത്തില്‍ 21 മണിക്കൂറിലേറെയും, പ്ലാസ്റ്റിക് പ്രതലങ്ങളില്‍ 8 ദിവസത്തിലേറെയും സമയം നിലനില്‍ക്കാന്‍ കഴിയുമെന്നാണ് ജപ്പാനിൽ നിന്നുള്ള വിദഗ്ധരുടെ പുതിയ കണ്ടെത്തല്‍.

ജപ്പാനിലെ ക്യോട്ടോയിൽ പ്രവർത്തിക്കുന്ന പ്രീഫെക്ചറല്‍ യൂണിവേഴ്സിറ്റി ഓഫ് മെഡിസിനിലെ ഗവേഷകരാണ് ഇത്തരത്തിൽ ഒരു പഠനം നടത്തിയത്. ഇവർ പരീക്ഷണത്തിനായി വുഹാനില്‍ നിന്ന് ഉത്ഭവിച്ച SARS-CoV-2 സ്‌ട്രെയിനും വിവിധ വകഭേദങ്ങളും തമ്മിലുള്ള പാരിസ്ഥിതിക സ്ഥിരതയിലെ വ്യത്യാസങ്ങള്‍ ഗവിശകലനം ചെയ്യുകയുണ്ടായി.

ആദ്യ ഘട്ടത്തിലെ വുഹാന്‍ സ്‌ട്രെയിനിനേക്കാള്‍ ആല്‍ഫാ, ബീറ്റ, ഡെല്‍റ്റ, ഒമിക്രോണ്‍ എന്നീ വകഭേദങ്ങള്‍ക്ക് രണ്ടിരട്ടിയില്‍ അധികം സമയം ചര്‍മ്മത്തിലും പ്ലാസ്റ്റിക് പ്രതലങ്ങളിലും അതിജീവിക്കാന്‍ കഴിയുമെന്ന് പഠനത്തിൽ പറയുന്നു. അതായത്, വുഹാന്‍ സ്‌ട്രെയിനിന് 8.6 മണിക്കൂറും, ആല്‍ഫയ്ക്ക് 19.6 മണിക്കൂറും, ബീറ്റയ്ക്ക് 19.1 മണിക്കൂറും, ഗാമയ്ക്ക് 11 മണിക്കൂറും, ഡെല്‍റ്റയ്ക്ക് 16.8 മണിക്കൂറും, ഒമിക്രോണിന് 21.1 മണിക്കൂറും ചര്‍മ്മ സാമ്പിളുകളില്‍ അതിജീവിക്കാന്‍ സാധിക്കും.