ഭക്ഷണത്തിനായി കുട്ടികളെ വില്‍ക്കേണ്ട അവസ്ഥയിൽ അഫ്ഗാൻ ജനത; ലോകരാജ്യങ്ങളോട് സാമ്പത്തിക സഹായം പുനഃസ്ഥാപിക്കാനാവശ്യപ്പെട്ട് യുഎന്‍

single-img
27 January 2022

അഫ്‌ഗാനിൽ ഭക്ഷണത്തിനായി കുട്ടികളെ വില്‍ക്കുന്നത് തടയാനായി ലോകരാജ്യങ്ങൾ നിര്‍ത്തിവെച്ച സമ്പത്തിക സഹായം പുനഃസ്ഥാപിക്കാനാവശ്യപ്പെട്ട് യുഎന്‍ സെക്രട്ടറി ജനറല്‍ ആന്റണിയോ ഗുട്ടെറെസ്. സാമ്പത്തിക പ്രതിസന്ധിയാൽ ഭക്ഷണത്തിനായി സ്വന്തം കുട്ടികളെ വില്‍ക്കേണ്ട സാഹചര്യമാണ് അഫ്ഗനിലുളളത്.

അതീവദരിദ്രരായ ദശലക്ഷക്കണക്കിന് അഫ്ഗാന്‍ പൗരന്മാര്‍ മോശം മാനുഷിക സാഹചര്യങ്ങള്‍ക്കിടയില്‍ അതിജീവിക്കാന്‍ പാടുപെടുന്നുവെന്നും സ്ത്രീകളുടേയും കുട്ടികളുടേയും മൗലികാവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിന് താലിബാന്‍ മുന്നോട്ടുവരണമെന്നും അന്റോണിയോ ഗുട്ടെറെസ് ആവശ്യപ്പെട്ടു.

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങിനെ: ‘അതിഭീകരമായ പട്ടിണിയാണ് അഫ്‌ഗാനിൽ ഇപ്പോഴുള്ളത് ഭക്ഷണം വാങ്ങുന്നതിനായി രാജ്യത്ത് ചില കുടുംബങ്ങള്‍ കുട്ടികളെ വില്‍ക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. മറ്റുള്ള ലോകരാജ്യങ്ങളുടെ വിശ്വാസ്യതയും ദയയും നേടിയെടുക്കാനും ഓരോ പെണ്‍കുട്ടിയുടേയും സ്ത്രീയുടേയും അടിസ്ഥാന മൗലികാവകാശങ്ങള്‍ താലിബാന്‍ ഉയര്‍ത്തിപ്പിടിക്കണം’,

അഫ്‌ഗാനിസ്ഥാനിൽ വസിക്കുന്ന ജനങ്ങളെ പിന്തുണയ്ക്കുന്നതിനുവേണ്ടി അന്താരാഷ്ട്ര സമൂഹത്തോട് അഭ്യര്‍ഥിക്കുകയാണ്. ലോകബാങ്കും അമേരിയ്ക്കൻ സര്‍ക്കാരും മരവിപ്പിച്ച സഹായധനം പുനഃസ്ഥാപിക്കണം’.

ഇതോടോപ്പം തന്നെ അഫ്ഗാനിലെ വനിതാ ആക്ടിവിസ്റ്റുകളെ തട്ടികൊണ്ടുപോയതിലും അറസ്റ്റ് ചെയ്തതിലും ആശങ്ക പ്രകടിപ്പിച്ച അദ്ദേഹം അവരെ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.