വിരമിക്കൽ പ്രഖ്യാപനം കുറച്ച് നേരത്തെ ആയിപ്പോയി; ഇപ്പോള്‍ അതില്‍ ഖേദമുണ്ട്: സാനിയ മിർസ

single-img
26 January 2022

അന്താരാഷ്‌ട്ര പ്രൊഫഷണൽ ടെന്നീസിൽ നിന്നും തന്റെ വിരമിക്കല്‍ പ്രഖ്യാപനം നേരത്തെ ആയിപ്പോയെന്ന്‌ ഇന്ത്യൻ താരം സാനിയ മിര്‍സ. ഓസ്ട്രേലിയന്‍ ഓപ്പണില്‍ വെച്ച് ഈ സീസണിന് ശേഷം ടെന്നീസില്‍ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചതില്‍ ഇപ്പോള്‍ ഖേദിക്കുന്നുവെന്നും സാനിയ പറഞ്ഞു.

വിരമിക്കൽ മുന്‍കൂട്ടി പ്രഖ്യാപിച്ചതിനാല്‍ എല്ലാവര്‍ക്കും ഇപ്പോൾ അതിനെ കുറിച്ച് മാത്രമാണ് ചോദിക്കാനുള്ളതെന്നും താരം പറയുന്നു. പക്ഷെ വിരമിക്കുന്നതിനെക്കുറിച്ച് ഞാന്‍ എപ്പോഴും ചിന്തിക്കുന്നില്ല എന്നതാണ് വാസ്തവം. സത്യത്തില്‍ ആ പ്രഖ്യാപനം നടത്തിയത് കുറച്ച് നേരത്തെ ആയിപ്പോയെന്ന് തോന്നുന്നു. ഇപ്പോള്‍ അക്കാര്യത്തിൽ എനിക്ക് ഖേദമുണ്ട്.

എന്നെ കാണുന്നവരെല്ലാം അതിനെ കുറിച്ച് മാത്രമാണ് ഇപ്പോള്‍ ചോദിക്കാനുള്ളത്. ജയിക്കുക എന്നത് മാത്രം ലക്ഷ്യമിട്ടാണ് എപ്പോഴും കളിക്കുന്നതെന്നും സീസണിലെ ശേഷിക്കുന്ന മത്സരങ്ങളെ കുറിച്ചാണ് ഇപ്പോള്‍ ചിന്തിക്കുന്നതെന്നും സാനിയ കൂട്ടിച്ചേര്‍ത്തു. എന്നാൽ ഈ സീസണ്‍ അവസാനിക്കുമ്പോള്‍ എന്തു സംഭവിക്കും എന്നതിനെ കുറിച്ച് ആലോചിക്കുന്നില്ലെന്നും സാനിയ ഇപ്പോൾ പറയുന്നു.