കേന്ദ്രസർക്കാർ തള്ളിയ ടാബ്ലോ സംസ്ഥാന തലത്തിൽ ആഘോഷമാക്കി തമിഴ്നാട്

single-img
26 January 2022

റിപ്പബ്ലിക് ദിന പരേഡിൽ കേന്ദ്ര സര്‍ക്കാര്‍ അനുമതി നിഷേധിച്ച ടാബ്ലോ സംസ്ഥാനത്തെ റിപബ്ലിക് ദിന ആഘോഷ പരേഡില്‍ പ്രദര്‍ശിപ്പിച്ച് തമിഴ്നാട്. രാജ്യ തലസ്ഥാനമായ ഡല്‍ഹിയിലെ പരേഡില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ ഒഴിവാക്കിയ സ്വാതന്ത്ര സമര സേനാനികളുടെ ടാബ്ലോയാണ് സ്റ്റാലിൻ സർക്കാർ സംസ്ഥാന തലത്തില്‍ പ്രദര്‍ശിപ്പിച്ചത്.

കേന്ദ്ര പ്രതിനിധിയായ ഗവര്‍ണര്‍ ആര്‍.എന്‍ രവി പങ്കെടുത്ത വേദിയിലാണ് കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധം നടന്നത്. ഇന്ന് രാവിലെ മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തതോടെ ടാബ്ലോയുടെ പര്യടനം തുടങ്ങി. ഈ ടാബ്ലോ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പ്രദര്‍ശിപ്പിക്കും. തങ്ങൾ സമർപ്പിച്ച ടാബ്ലോയെ ഒഴിവാക്കിയതിലൂടെ തമിഴ്നാടിനെ കേന്ദ്രം അപമാനിച്ചെന്നാണ് സ്റ്റാലിന്‍ സർക്കാർ സ്വീകരിച്ച നിലപാട്.

ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിക്കെതിരെ സമരം ചെയ്ത ശിവഗംഗ രാജ്ഞി റാണി വേലു നാച്ചിയാര്‍, ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ആയുധശാലയില്‍ ചാവേറായ പൊട്ടിത്തെറിച്ച കുയിലി എന്ന സൈനിക, ബ്രിട്ടീഷുകാർക്ക് പേടിസ്വപ്നമായിരുന്ന വീരപാണ്ഡ്യ കട്ടബൊമ്മൻ, വീരപാണ്ഡ്യ കട്ടബൊമ്മന്റെ സൈന്യാധിപനായിരുന്ന വീരൻ സുന്ദരലിംഗം, ഒറ്റയാള്‍ പോരാളി ഒണ്ടിവീരൻ, സാമൂഹ്യപരിഷ്കര്‍ത്താവ് മഹാകവി ഭാരതീയാര്‍ തുടങ്ങിയവര്‍ ഉള്‍പ്പെട്ട ടാബ്ലോയ്ക്കാണ് അനുമതി നിഷേധിക്കപ്പെട്ടത്.