നമ്മുടെ സൈനികരും സുരക്ഷാ ഉദ്യോഗസ്ഥരുമാണ് രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തുന്നത്; റിപ്പബ്ലിക് ദിന സന്ദേശവുമായി രാഷ്ട്രപതി

single-img
25 January 2022

നമ്മുടെ രാജ്യത്തിന്റെ ജനാധിപത്യത്തിന്റെ വൈവിധ്യവും ഊര്‍ജ്ജസ്വലതയും ലോകമെമ്പാടും അഭിനന്ദിക്കുന്ന ഒന്നാണെന്ന് ഇന്ന് നടത്തിയ റിപ്പബ്ലിക് ദിന സന്ദേശത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ജനങ്ങളെ ഒറ്റനൂലില്‍ കോര്‍ക്കുന്ന ഭാരതീയരുടെ പ്രതിഫലനമാണ് റിപ്പബ്ലിക് ദിനമെന്നും ഈ അവസരത്തില്‍ സ്വാതന്ത്ര്യ സമര സേനാനികളെ നമുക്ക് ഓര്‍ക്കാംമെന്നും അദ്ദേഹം പറഞ്ഞു.

കൊറോണയ്‌ക്കെതിരെ നമ്മുടെ രാജ്യം ഇപ്പോഴും ശക്തമായ പോരാട്ടം നടത്തിക്കൊണ്ടിരിക്കുകയാണ്. ഈ കാലയളവിൽ രാജ്യത്തിന്റെ ആരോഗ്യ സംവിധാനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്താനായതു വലിയ നേട്ടമാണ്. ഒരേസമയം ആരോഗ്യ പ്രവര്‍ത്തകര്‍ വലിയ വെല്ലുവിളിയാണ് നേരിട്ടത്. ജീവന്‍ പണയപ്പെടുത്തി ഇടവേളകളില്ലാതെ ജോലി ചെയ്യേണ്ടി വന്നു.

കോവിഡ് വൈറസ് വ്യാപനത്താൽ ലോകം മുഴുവന്‍ ദുരിതത്തിലായി. ഇത്തരത്തിൽ ലോകം മുഴുവനും നിസ്സഹായരായി. രണ്ട് വര്‍ഷം കഴിഞ്ഞിട്ടും കൊറോണ വൈറസിനെതിരെ പോരാട്ടം തുടരുകയാണ്. അതേപോലെ തന്നെ, നമ്മുടെ സൈനികരും സുരക്ഷാ ഉദ്യോഗസ്ഥരുമാണ് രാഷ്ട്രത്തിന്റെ അഭിമാനം ഉയര്‍ത്തുന്നത്.

രാജ്യത്തിന്റെ അതിര്‍ത്തികള്‍ സുരക്ഷിതമാക്കുന്ന സായുധ സേനയുടെയും ആഭ്യന്തര സുരക്ഷ കാത്തുസൂക്ഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരുടെയും നിരന്തരമായ ജാഗ്രത മൂലമാണ് നമ്മുടെ പൗരന്മാര്‍ സമാധാന ജീവിതം ആസ്വദിക്കുന്നത്. കഴിഞ്ഞ ഡിസംബറിൽ നിര്‍ഭാഗ്യകരമായ ഒരു അപകടത്തില്‍ ജനറല്‍ ബിപിന്‍ റാവത്തിനേയും അദ്ദേഹത്തിന്റെ ഭാര്യയെയും നിരവധി ധീരരായ സൈനികരെയും നമുക്ക് നഷ്ടപ്പെട്ടു. ദാരുണമായ നഷ്ടത്തില്‍ രാജ്യം മുഴുവന്‍ ദുഃഖത്തിലാണ്ടുവെന്നും അദ്ദേഹം പറഞ്ഞു.