സിപിഎം സംസ്ഥാന സമ്മേളനം മാറ്റിവെക്കേണ്ട സാഹചര്യമാണെങ്കിൽ മാറ്റിവെക്കും: കോടിയേരി ബാലകൃഷ്ണൻ

single-img
25 January 2022

സിപിഎമ്മിന്റെ സംസ്ഥാന സമ്മേളനം മാറ്റിവെക്കുന്ന കാര്യം പിന്നീട് ആലോചിക്കുമെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സമ്മേളനം മാറ്റിവെക്കാൻ നിലവിൽ തീരുമാനിച്ചിട്ടില്ല. വിഷയത്തിൽ ഫെബ്രുവരി പകുതിയോടെ തീരുമാനമെടുക്കും. സമ്മേളനം മാറ്റിവെക്കേണ്ട സാഹചര്യമാണെങ്കിൽ മാറ്റിവെക്കുമെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. നിലവിൽ എറണാകുളത്തുവെച്ച് മാർച്ചുമാസം 1 മുതൽ 4 വരെയാണ് സംസ്ഥാന സമ്മേളനം നടത്താൻ തീരുമാനിച്ചിരിക്കുന്നത്.

അതേസമയം, തിരുവനന്തപുരം ജില്ലാ സമ്മേളനം തിരുവാതിരയെക്കുറിച്ചുള്ള വിവാദത്തിൽ കോടിയേരി നിലപാട് ആവർത്തിച്ചു. അത്തരത്തിൽ ഒരു പരിപാടി നടത്താൻ പാടില്ലായിരുന്നു എന്ന് പാർട്ടി അഭിപ്രായപ്പെട്ടതാണ്. പല വ്യക്തികളും പല വ്യക്തികളെയും പുകഴ്ത്തുന്ന പാട്ടുകൾ അവതരിപ്പിക്കാറുണ്ട്. അങ്ങനെയുള്ള പരിപാടികളിൽ അവതരിപ്പിക്കാനുള്ള പാട്ടൊക്കെ പാർ‍ട്ടി അനുമതി നൽകുന്നതാണ്. തിരുവാതിരപ്പാട്ട് പാർട്ടി പറഞ്ഞു പാടിച്ചതല്ല എന്നും അദ്ദേഹം പറഞ്ഞു.