സിൽവർ ലൈൻ പദ്ധതിയിൽ ആശങ്കയുണ്ട്; താൻ ഇടതുപക്ഷത്തിനാണ് വോട്ട് ചെയ്തതെന്ന് കവി റഫീഖ് അഹമ്മദ്

single-img
24 January 2022

തനിക്കെതിരെയുള്ള സൈബർ ആക്രമണത്താൽ തന്റെ പ്രതികരണം തടയാനാകില്ലെന്ന് കവി റഫീഖ് അഹമ്മദ്. സംസ്ഥാന സർക്കാർ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന കെ റെയിൽ സിൽവർ ലൈൻ പദ്ധതിയെ വിമർശിച്ചെഴുതിയ കവിതയെ തുടർന്ന് ഇടതുപക്ഷത്തുനിന്നും തന്നെ സൈബർ ആക്രമണം രൂക്ഷമായതോടെയാണ് കവിയുടെ ഈ പ്രതികരണം.

താനും ഒരു ഇടുപക്ഷക്കാരനാണെന്നും ഇടതുപക്ഷത്തിനാണ് വോട്ട് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ‘ഹേ കെ’ എന്ന് പേരുള്ള കവിതയിലൂടെ ജനത്തിന്റെ ആശങ്കയാണ് പങ്കുവെച്ചത്. അതേസമയം, സൈബർ ആക്രമണം നടക്കട്ടെയെന്ന് പറഞ്ഞ കവി കവിത ഉന്നയിച്ച വിഷയത്തിൽ ഗൗരവമായ ചർച്ച നടക്കേണ്ടതുണ്ടെന്നും അഭിപ്രായപ്പെട്ടു.

ഇടതുപക്ഷത്തുള്ള തന്റെ സുഹൃത്തുക്കളിൽ പലർക്കും ഈ സിൽവർ ലൈൻ പദ്ധതിയിൽ ആശങ്കയുണ്ട്. എന്നാൽ അവരിൽ പലരും പാർട്ടി അച്ചടക്കം കൊണ്ടാണ് പ്രതികരിക്കാത്തതെന്നും കവി പറഞ്ഞു.സംസ്ഥാന വ്യാപകമായി കെ റെയിലിനെ ന്യായീകരിച്ചുള്ള സിപിഎം പരിപാടികള്‍ നടക്കുന്നതിനിടയിലാണ് കെ റെയിലിനേക്കുറിച്ചുള്ള ആശങ്ക വ്യക്തമാക്കുന്ന കവിത റഫീഖ് അഹമ്മദ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്.