നുണക്കഥകൾകൊണ്ട് എതിരാളികളെ വ്യക്തിഹത്യ ചെയ്യുന്ന സിപിഎമ്മിന്റെ മുഖത്തേറ്റ അടി; ഉമ്മൻ ചാണ്ടിക്ക് അഭിവാദ്യമർപ്പിച്ച് കെ സുധാകരൻ

single-img
24 January 2022

സോളാർ സംഭവത്തിൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിക്കെതിരെ അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിച്ച വി എസ് അച്യുതാനന്ദൻ അപഹാസ്യനായെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. നുണക്കഥകൾകൊണ്ട് എതിരാളികളെ വ്യക്തിഹത്യ ചെയ്യുന്ന സിപിഎമ്മിന്റെ മുഖത്തേറ്റ അടിയാണ് കോടതി വിധിയെന്ന് സുധാകരൻ ഫേസ്ബുക്ക് പോസ്റ്റിൽ എഴുതി.

സോളാർ ഇടപാടിൽ ഉമ്മൻ ചാണ്ടി അഴിമതി നടത്തിയെന്ന വി എസിന്റെ പരാമർശത്തിനെതിരെ അഴിമതി ആരോപണം ഉന്നയിച്ച വി.എസിൽ നിന്ന് 10.10 ലക്ഷം രൂപയും 6 ശതമാനം പലിശയും നഷ്ടപരിഹാരം ഈടാക്കാൻ വിധി വന്ന സാഹചര്യത്തിലാണ് കെ സുധാകരന്റെ പ്രതികരണം.

കെ സുധാകരന്റെ പോസ്റ്റിന്റെ പൂർണ്ണരൂപം:

“നുണ ഒരു ആയുധമാണ്‌ “
സി പി എമ്മിൻ്റെ എറ്റവും വലിയ ആയുധമായി ആ പ്രസ്ഥാനത്തെ നിലനിർത്തുന്നതും നുണകൾ തന്നെയാണ്.

അത്തരത്തിൽ ഒരു വലിയ നുണ കോടതി പൊളിച്ചിരിക്കുന്നു. പ്രിയ സഹപ്രവർത്തകൻ ഉമ്മൻ ചാണ്ടിയ്ക്കെതിരെ സോളാറിൽ വ്യാജ അഴിമതി ആരോപണം ഉന്നയിച്ച വി.എസിൽ നിന്ന് 10.10 ലക്ഷം രൂപയും 6 ശതമാനം പലിശയും നഷ്ടപരിഹാരം ഈടാക്കാൻ വിധി വന്നിരിക്കുന്നു. അടിസ്ഥാന രഹിത ആരോപണം ഉന്നയിച്ച വി.എസ് അച്ചുതാനന്ദൻ അപഹാസ്യനായിരിക്കുന്നു.

ഈ വിധി വി.എസിന് മാത്രമല്ല, നുണക്കഥകൾ കൊണ്ട് എതിരാളികളെ വ്യക്തിഹത്യ ചെയ്യുന്ന സിപിഎമ്മിന് ഒന്നടങ്കം മുഖത്തേറ്റ പ്രഹരമാണ്. വ്യാജ ആരോപണങ്ങളിൽ പതറാതെ നിന്ന് നിയമ പോരാട്ടം നടത്തി വിജയിച്ച പ്രിയപ്പെട്ട ഉമ്മൻചാണ്ടിയ്ക്ക് അഭിവാദ്യങ്ങൾ.