കോഴിക്കോട് കെഎസ്ആര്‍ടിസി കെട്ടിട സമുച്ചയത്തിന് ബലക്ഷയമില്ല; റിപ്പോർട്ടുമായി സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധസമിതി

single-img
23 January 2022

കോഴിക്കോട് കെഎസ്ആര്‍ടിസി ഡിപ്പോ കെട്ടിട സമുച്ചയത്തിന് ബലക്ഷയമില്ലെന്ന് സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധസമിതിയുടെ അന്തിമ റിപ്പോര്‍ട്ട്. സമുച്ചയത്തിലെ തൂണുകള്‍ മാത്രം നിലവിൽ ബലപ്പെടുത്തിയാല്‍ മതിയെന്നാണ് വിധഗ്ദ്ധ സമിതി കണ്ടെത്തിയത്.

ജനുവരി അവസാനം റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കും. ഇതോടുകൂടി നിര്‍മ്മാണത്തില്‍ ക്രമക്കേട് കണ്ടെത്തി വിജിലന്‍സ് ആരംഭിച്ച അന്വേഷണം അവസാനിക്കും. നേരത്തെ, 70 കോടിരൂപയിലേറെ ചെലവിട്ട് നിര്‍മ്മിച്ച കെഎസ്ആര്‍ടിസി കെട്ടിട സമുച്ചയം അപകടാവസ്ഥയിലെന്ന മദ്രാസ് ഐഐടി റിപ്പോര്‍ട്ട്, കെട്ടിടം ഉടന്‍ ബലപ്പെടുത്തണമെന്ന നിര്‍ദ്ദേശം, നിര്‍മ്മാണത്തിലെ ക്രമക്കേടും അഴിമതിയും ആരോപിച്ച് വിജിലന്‍സ് എടുത്ത കേസ് തുടങ്ങിയവയ്‌ക്കൊന്നും യാതൊരു അടിസ്ഥാനവുമില്ലെന്നാണ് സര്‍ക്കാര്‍ തന്നെ നിയോഗിച്ച സമിതിയുടെ കണ്ടെത്തല്‍ ഉണ്ടായിരിക്കുന്നത്.

ഐഐടി നടത്തിയ പഠന റിപ്പോര്‍ട്ടിനെ തളളി സംസ്ഥാന സര്‍ക്കാര്‍നിയോഗിച്ച സമിതി കഴിഞ്ഞ മാസം തയ്യാറാക്കിയ പ്രാഥമിക റിപ്പോര്‍ട്ടിലെ അതേ കാര്യങ്ങളാണ് ഇപ്പോൾ ഈ അന്തിമ റിപ്പോര്‍ട്ടിലുമുളളത്. കെട്ടിടത്തിന് നിലവിൽ കാര്യമായ പ്രശ്‌നങ്ങളില്ല. മദ്രാസ് ഐഐടിയുടെ നിഗമനങ്ങളില്‍ പാളിച്ചയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

അതേസമയം, നേരത്തെ തന്നെ പ്രാഥമിക റിപ്പോര്‍ട്ടിലെ നിഗമനങ്ങള്‍ സ്വീകാര്യമെന്ന് നിലപാടെടുത്ത ഗതാഗതവകുപ്പ്, അന്തിമ റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണ്.കെട്ടിടത്തിന്റെ നിര്‍മ്മാണത്തില്‍ പിഴവുണ്ടെന്ന് കണ്ടെത്തി വിജിലന്‍സ് കോഴിക്കോട് യൂണിറ്റ് നേരത്തെ പ്രാഥമികാന്വേഷണത്തിന് തുടക്കമിട്ടിരുന്നു.