ലക്ഷ്യം സെഞ്ചുറി; യുപി തെരഞ്ഞെടുപ്പിൽ 94ാം തവണ മത്സരിക്കാൻ ഹസനുറാം അംബേദ്കരി

single-img
22 January 2022

നിയമസഭാ തെരഞ്ഞെടുപ്പിന്റെ ചൂടിലാണ് യുപി ഉൾപ്പെടെയുള്ള രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങൾ. ഇവിടെയിതാ മറ്റുള്ളവരിൽ നിന്നും തികച്ചും വ്യത്യസ്തനാകുകയാണ് ഉത്തർപ്രദേശിലെ ആഗ്രയിലെ ഖേരാഗഡ് നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള സ്വതന്ത്ര സ്ഥാനാർത്ഥി ഹസനുറാം അംബേദ്കരി.

ഇദ്ദേഹം തെരഞ്ഞെടുപ്പിൽ മത്സരത്തിനിറങ്ങുന്നത് ഇത് 94ാം തവണയാണ് . ഇത്തവണയും പതിവ് പോലെ നാമനിർദേശപത്രികയും ഹസനുറാം സമർപ്പിച്ചു കഴിഞ്ഞു. എന്തായാലും ജയിക്കുകയല്ല, 94ാം തവണ മത്സരത്തിനിറങ്ങുന്ന ഹസനുറാമിന്റെ ലക്ഷ്യം സെഞ്ചുറി അടിക്കുക എന്നതാണ്.

എന്നാൽ ഈ സെഞ്ചുറിക്കും അൽപം വ്യത്യസ്തതയുണ്ട്. 100 തവണയും തോൽക്കാൻ വേണ്ടിയാണ് ഇദ്ദേഹത്തിന്റെ മത്സരം. കാരണം, നേരത്തെ മത്സരിച്ച 93 തിരഞ്ഞെടുപ്പുകളിലും അദ്ദേഹം പരാജയപ്പെട്ടിരുന്നു. 1985ലായിരുന്നു അംബേദ്കരി ആദ്യമായി തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്.

ഇതേവരെ വിവിധ ലോക്‌സഭാ, സംസ്ഥാന അസംബ്ലി, പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിൽ സീറ്റുകളിലേക്ക് അദ്ദേഹം മത്സരിച്ചിട്ടുണ്ട്. 2021ൽ നടന്ന ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിക്കുകയും 2019ൽ ആഗ്ര, ഫത്തേപൂർ സിക്രി മണ്ഡലങ്ങളിൽ നിന്ന് ലോക്‌സഭയിലേക്ക് മത്സരിക്കുകയും ചെയ്തു. വെറുതെയൊന്നുമല്ല, ഇത്തരത്തിൽ 100 തവണ തിരഞ്ഞെടുപ്പിൽ തോൽക്കാനുള്ള അദ്ദേഹത്തിന്റെ നിശ്ചയദാർഢ്യം 1998-ൽ ഇന്ത്യയുടെ രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കാൻ പോലും അദ്ദേഹത്തെ പ്രേരിപ്പിച്ചു. പക്ഷെ അതിൽ നിർഭാഗ്യവശാൽ, അദ്ദേഹത്തിന്റെ നാമനിർദ്ദേശം നിരസിക്കപ്പെടുകയായിരുന്നു.

അംബേദ്കരിയുടെ വാക്കുകൾ ഇങ്ങിനെ: “എന്റെ അജണ്ട എന്നത് എപ്പോഴും നിഷ്പക്ഷവും അഴിമതി രഹിതവുമായ വികസനവും സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ക്ഷേമവുമാണ്ഞാ ൻ ബിഎഎംസിഇഎഫിന്റെ സമർപ്പിത പ്രവർത്തകനായിരുന്നു, യുപിയിൽ BSP-യുടെ വേരുകൾ ശക്തിപ്പെടുത്താൻ വേണ്ടി പ്രവർത്തിച്ചു. പക്ഷെ 1985-ൽ, ഞാൻ സീറ്റ് ചോദിച്ചപ്പോൾ, എന്നെ പരിഹസിച്ചു,

എന്റെ ഭാര്യ പോലും എനിക്ക് വോട്ട് ചെയ്യില്ലെന്ന് പറഞ്ഞു. ഞാൻ വളരെ നിരാശനായിരുന്നു. അതിനുശേഷം എല്ലാ തെരഞ്ഞെടുപ്പുകളിലും ഞാൻ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്നു,”