അറസ്റ്റ് പാടില്ല; ദിലീപിനെ മൂന്ന് ദിവസം വരെ അന്വേഷണ സംഘത്തിന് ചോദ്യം ചെയ്യാൻ കോടതിയുടെ അനുമതി

single-img
22 January 2022

അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെയുള്ള ഗൂഢാലോചന കേസിൽ അന്വേഷണ സംഘത്തിന് ദിലീപിനെ മൂന്ന് ദിവസം വരെ ചോദ്യം ചെയ്യാമെന്നും അറസ്റ്റ് പാടില്ലെന്നും ഹൈക്കോടതി . ദിലീപിനൊപ്പം കേസിൽ ഉൾപ്പെട്ട മുഴുവൻ പ്രതികളെയും മൂന്ന് ദിവസം വരെ അന്വേഷണ സംഘത്തിന് ചോദ്യം ചെയ്യാം. ഇതിനായി ക്രൈബ്രാഞ്ച് ഓഫിസിൽ നാളെ 9 മണിക്കാണ് ദിലീപ് ഹാജരാകേണ്ടത്.

നാളെ രാവിലെ ഒൻപത് മണി മുതൽ രാത്രി എട്ട് വരെയാണ് ദിലീപിനെ ചോദ്യം ചെയ്യാൻ കോടതിയുടെ അനുമതിയുള്ളത്. അതേസമയം വരുന്ന 27 ാം തിയതി വരെ കേസിലെ മുഴുവൻ പ്രതികളെയും അറസ്റ്റു ചെയ്യരുതെന്ന് കോടതി നിർദേശിച്ചു. ഈ 27 ന് ഹൈക്കോടതി കേസ് വീണ്ടും പരിഗണിക്കും.

ഓരോ ദിവസവും അഞ്ചോ ആറോ മണിക്കൂർ താൻ ചോദ്യം ചെയ്യലിനോട് സഹകരിക്കാമെന്നും അന്വേഷണത്തിന് തടസ്സമാകില്ലെന്നും ദിലീപ് കോടതിയെ അറിയിച്ചിരുന്നു. ഇതോടൊപ്പം തന്നെ ഗൂഢാലോചന കേസിൽ തന്നെ കസ്റ്റഡിയിലെടുക്കുന്നത് എന്തിനാണെന്നും ദിലീപ് കോടതിയിൽ ചോദിച്ചു. ബാലചന്ദ്ര കുമാറുമായി സിനിമ ബന്ധമാണ് തനിക്കുള്ളതെന്നും ദിലീപ് കോടതിയിൽ വ്യക്തമാക്കി.

കേസിൽ യഥാർത്ഥ അന്വേഷണമാണ് നടക്കേണ്ടതെന്നും കോടതി വ്യക്തമാക്കി. ഗൂഢാലോചനാകേസിൽ ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കോടതിയുടെ പരാമർശം. ഗൂഢാലോചന കേസിൽ ദിലീപിന് ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കില്ലെന്ന കാര്യത്തിൽ എന്തുറുപ്പാണുള്ളതെന്നും ഹൈക്കോടതി ചോദിച്ചു. കൃത്യം ചെയ്തില്ലെങ്കിലും ദിലീപ് ഗൂഢാലോചന നടത്തിയാൽ കുറ്റമായി കണക്കാക്കാമെന്നും ദിലീപിനെതിരെയുള്ള സാക്ഷിയുടെ വെളിപ്പെടുത്തൽ വളരെ ഗൗരവതരമാണെന്നും കോടതി ചൂണ്ടിക്കാട്ടി.