റിജിൽ മാക്കുറ്റിക്ക് മർദ്ദനം; മന്ത്രി എംവി ഗോവിന്ദന്‍ മാസ്റ്ററുടെ പേഴ്സണൽ സ്റ്റാഫ് അംഗം ഉൾപ്പെടെയുള്ളവർക്കെതിരെ വധ ശ്രമത്തിന് കേസ്

single-img
22 January 2022

സിൽവർ ലൈൻ വിരുദ്ധ സമരത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് റിജിൽ മാക്കുറ്റിക്ക് മർദ്ദനം ഏറ്റ സംഭവത്തില്‍ മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗത്തിനെതിരെ വധ ശ്രമത്തിന് കേസ് എടുത്തു . തദ്ദേശ സ്വയം ഭരണ- എക്സൈസ് വകുപ്പ് മന്ത്രി എംവി ഗോവിന്ദന്‍ മാസ്റ്ററുടെ പേഴ്സണൽ സ്റ്റാഫ് പ്രശോഭ് മൊറാഴ അടക്കമുള്ളവർക്കെതിരെയാണ് വധശ്രമത്തിന് പോലീസ് കേസെടുത്തത്.

ഏതാനും ദിവസം മുൻപ് കണ്ണൂരില്‍ മന്ത്രി നടത്തിയ കെ റെയിൽ വിശദീകരണ യോഗത്തിനിടയിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ‌ പ്രകടനത്തിനിടെ ഉണ്ടായ സംഘര്‍ഷത്തിനിടെയാണ് യൂത്ത് കോണ്‍ഗ്രസ് നേതാവിന് മര്‍ദ്ദനമേറ്റത്.

സംഭവത്തിൽ നിലവിൽ കണ്ണൂർ ടൗൺ പൊലീസ് ആണ് കേസെടുത്തത്. മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗത്തിന് പുറമേ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി എം ഷാജർ, റോബർട്ട് ജോർജ് , പി പി ഷാജർ തുടങ്ങിയവർക്കെതിരെയും കണ്ണൂർ ടൗൺ പൊലീസ് കേസ് എടുത്തിട്ടുണ്ട്.