നാടിന്റെ രക്ഷയേക്കാള്‍ ഞങ്ങള്‍ക്ക് വലുത് പാര്‍ട്ടി സമ്മേളനങ്ങളാണെന്നാണ് സിപിഎം പറയുന്നത്: കെ സുരേന്ദ്രൻ

single-img
21 January 2022

സിപിഎം പാർട്ടി സമ്മേളനങ്ങള്‍ നടക്കുന്ന ജില്ലകളെ സർക്കാരിന്റെ കൊവിഡ് മാനദണ്ഡങ്ങളില്‍ നിന്നൊഴിവാക്കി ജനങ്ങളെ കൊലയ്ക്ക് കൊടുക്കുകയാണ് സിപിഎമ്മെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. താൻ തന്നെ പ്രഖ്യാപിച്ച കൊവിഡ് നിയന്ത്രണങ്ങള്‍ കാസര്‍ഗോഡ് കലക്ടര്‍ക്ക് മൂന്നു മണിക്കൂറിനിടെ പിന്‍വലിക്കേണ്ടി വന്നതിന് പിന്നില്‍ ആരോഗ്യമന്ത്രിയുടെ ഇടപെടലാണ്.

സിപിഎമ്മിന്റെ ജില്ലാ സമ്മേളനം വിജയിപ്പിക്കാന്‍ ജനങ്ങളുടെ ജീവന്‍ വെച്ച് പന്താടുകയാണ് സംസ്ഥാന സര്‍ക്കാരും ജില്ലാ ഭരണകൂടവുമെന്നും സുരേന്ദ്രന്‍ പ്രസ്താവനയില്‍ ആരോപിക്കുന്നു. സംസ്ഥാനത്തെ ഭരണകക്ഷിയായ സിപിഎം ജനങ്ങളോടുള്ള ഉത്തരവാദിത്വം നിറവേറ്റി സമ്മേളനങ്ങള്‍ മാറ്റിവെക്കുന്നതിന് പകരം തറ രാഷ്ട്രീയം കളിക്കുകയാണെന്നും സുരേന്ദ്രൻ പറയുന്നു.

മറ്റുള്ള രാഷ്ട്രീയ പാര്‍ട്ടികളെല്ലാം തങ്ങളുടെ പൊതുപരിപാടികള്‍ മാറ്റിവെച്ചപ്പോള്‍ നാടിന്റെ രക്ഷയേക്കാള്‍ ഞങ്ങള്‍ക്ക് വലുത് പാര്‍ട്ടി സമ്മേളനങ്ങളാണെന്നാണ് സിപിഎം പറയുന്നത്. ഇവിടുത്തെ മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളടങ്ങിയ നൂറുകണക്കിന് പേര്‍ മൂന്ന് ദിവസം ശീതികരിച്ച ഹാളില്‍ സമ്മേളനങ്ങളില്‍ പങ്കെടുത്തതു കൊണ്ടാണ് തിരുവനന്തപുരത്ത് കൊവിഡ് വ്യാപനമുണ്ടായത്. ആരോഗ്യമേഖല പൂര്‍ണമായും അവതാളത്തിലായിരിക്കുകയാണ്.

മരുന്നും മറ്റ് അവശ്യ സാധനങ്ങളും സര്‍ക്കാര്‍ ആശുപത്രികളിലില്ല. വേലി തന്നെ വിളവ് തിന്നുമ്പോള്‍ ക്വാറന്റയിന്‍ എന്നത് കേരളത്തില്‍ അപ്രസക്തമായിരിക്കുകയാണ്. മൂന്നാം തരംഗത്തെ നേരിടുന്നതില്‍ മുമ്പത്തെ പോലെ സര്‍ക്കാര്‍ സമ്പൂര്‍ണ്ണ പരാജയമായിരിക്കുകയാണെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.