നാളെ മുതൽ സംസ്ഥാനത്തെ സ്കൂളുകൾ പൂർണമായും അടയ്ക്കുന്നു; രണ്ട് ഞായറാഴ്ചകളിൽ ലോക്ക്ഡൗൺ സമാനമായ നിയന്ത്രണങ്ങൾ; തീരുമാനങ്ങളുമായി കൊവിഡ് അവലോകനയോഗം

single-img
20 January 2022

കേരളത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കാൻ തീരുമാനിച്ച് ഇന്ന് ചേർന്ന മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലുള്ള കൊവിഡ് അവലോകനയോഗം. രോഗവ്യാപനം ഓരോ ദിവസവും കുതിച്ചുകയറുന്നുണ്ടെങ്കിലും സമ്പൂർണ ലോക്ക്ഡൗൺ ഉണ്ടാകില്ല. അമേരിക്കയിലെ മയോ ക്ലിനിക്കിൽ ചികിത്സയിലായതിനാൽ മുഖ്യമന്ത്രി ഓൺലൈനായാണ് യോഗത്തിൽ പങ്കെടുത്തത്.

പുതിയ തീരുമാന പ്രകാരം നാളെ മുതൽ സംസ്ഥാനത്തെ സ്കൂളുകൾ പൂർണമായും അടയ്ക്കും. തുടർന്ന് 10, 11, 12 ക്ലാസുകളും ഇനി ഓൺലൈനായിരിക്കും നടക്കുക. ഇനി വരുന്ന രണ്ട് ഞായറാഴ്ചകളിൽ കടുത്ത നിയന്ത്രണങ്ങളുണ്ടാകും. ഈ ദിവസങ്ങളിൽ പുറത്തിറങ്ങാൻ സാക്ഷ്യപത്രം ആവശ്യമാണ് എന്നതുൾപ്പെടെ നിയന്ത്രണങ്ങൾ ഉണ്ടാകും.

വളരെ അവശ്യകാര്യങ്ങൾക്കോ അവശ്യസർവീസുകൾക്കോ മാത്രമേ പുറത്തിറങ്ങാൻ ഈ ഞായർ ദിവസങ്ങളിൽ അനുമതിയുണ്ടാകൂ. അതേസമയം, മാളുകളും വ്യാപാര സ്ഥാപനങ്ങളും അടച്ചിടാൻ തീരുമാനിക്കുന്നില്ല. പകരം ഈ സ്ഥാപനങ്ങൾ സ്വയം നിയന്ത്രണങ്ങൾ ഏർപ്പെടുത്തണം.

സംസ്ഥാനത്തെ ഓരോ ജില്ലകളിലും രോഗികളുടെ എണ്ണത്തിന് അനുസരിച്ച് പല വിഭാഗങ്ങളായി തിരിച്ച് വികേന്ദ്രീകൃതമായിട്ടാകും ഈ നിയന്ത്രണങ്ങൾ വരിക. ഓരോ പ്രദേശങ്ങളിലും രോഗബാധിതരുടെ എണ്ണത്തിനും ആശുപത്രിസൗകര്യങ്ങളും അനുസരിച്ച് എങ്ങനെയുള്ള നിയന്ത്രണങ്ങൾ വേണമെന്ന കാര്യം അതാത് ജില്ലാ കളക്ടർമാർക്ക് തീരുമാനിക്കാം. രോഗബാധിതരുടെ എണ്ണത്തെയും ആശുപത്രി സൗകര്യത്തെയും അടിസ്ഥാനപ്പെടുത്തിയാകും ഇത്തവണ നിയന്ത്രണങ്ങൾ കൊണ്ടുവരിക.