മാസ്‌ക് ധരിക്കേണ്ടതില്ല; വർക്ക് ഫ്രം ഹോം ഒഴിവാക്കുന്നു; കോവിഡ് നിയന്ത്രണങ്ങള്‍ അവസാനിപ്പിക്കാനൊരുങ്ങി ബ്രിട്ടൻ

single-img
20 January 2022

ബ്രിട്ടണില്‍ അടുത്ത വാരം മുതൽ കോവിഡ് നിയന്ത്രണങ്ങള്‍ നിര്‍ത്തലാക്കുകയാണെന്ന പ്രഖ്യാപനവുമായി പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍. വരുന്ന വ്യാഴാഴ്ച മുതല്‍ മാസ്‌ക് ധരിക്കേണ്ടതില്ലെന്നും ക്ലബുകളിലും ബാറുകളിലും കയറാന്‍ കോവിഡ് പാസ് ആവശ്യമില്ലെന്നും വർക്ക് ഫ്രം ഹോം സംവിധാനം ഒഴിവാക്കുകയായെന്നും അദ്ദേഹം അറിയിച്ചു.

ഇതോടൊപ്പം തന്നെ ഇപ്പോഴും മഹാമാരി ഒടുങ്ങിയിട്ടില്ലെന്നും ജനങ്ങൾ ജാഗ്രത തുടരണമെന്നും ബോറിസ് ജോണ്‍സന്‍ കൂട്ടിച്ചേർത്തു. പുതിയ വകഭേദമായ ഒമിക്രോണ്‍ മൂലമുള്ള കോവിഡ് നിരക്ക് ഉയര്‍ന്ന നിലയിലെത്തിയതായി വിദഗ്ധര്‍ വിലയിരുത്തുന്നതു ചൂണ്ടിക്കാട്ടിയാണു ജോണ്‍സന്റെ ഈ പ്രഖ്യാപനം.

രാജ്യ വ്യാപകമായി നടത്തിയ ബൂസ്റ്റര്‍ ഡോസ് ക്യാംപെയിനും വിജയം കണ്ടതായും അദ്ദേഹം അറിയിക്കുകയുണ്ടായി. നിലവിലെ സാഹചര്യത്തിൽ ഐസലേഷന്‍ ചട്ടങ്ങള്‍ തുടരുമെങ്കിലും മാര്‍ച്ചിനപ്പുറം നീട്ടില്ല എന്ന് അദ്ദേഹം അറിയിപ്പിൽ പറഞ്ഞു.