ധീരജ് വധക്കേസ്; യൂത്ത്‌കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി അറസ്റ്റില്‍

single-img
19 January 2022

ഇടുക്കി സർക്കാർ എഞ്ചിനീയറിംഗ് കോളജ് വിദ്യാര്‍ത്ഥിയും എസ്.എഫ്.ഐ നേതാവുമായിരുന്ന ധീരജ് രാജേന്ദ്രന്റെ കൊലപാതകത്തില്‍ കഞ്ഞിക്കുഴി പഞ്ചായത്തംഗവും യൂത്ത് കോണ്‍ഗ്രസിന്റെ ജില്ല ജനറല്‍ സെക്രട്ടറിയുമായ സോയ്മോന്‍ സണ്ണി അറസ്റ്റിൽ. കഴിഞ്ഞ ദിവസം ചേലച്ചുവട്ടിലെ വീട്ടില്‍ നിന്നുമാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്.

അതേസമയം ധീരജ് കൊലപാതക കേസിലെ പ്രതികളായ നിഖില്‍ പൈലി, ജെറിന്‍ ജോജോ, ജിതിന്‍, ടോണി തേക്കിലക്കാടന്‍ എന്നിവരുമായി പൊലീസ് സംഘം തെളിവെടുപ്പ് നടത്തി. പക്ഷെ കേസിലെ പ്രധാന തെളിവായ ധീരജിനെ കുത്തിയ കത്തി ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

ഇടുക്കി കളക്ടറേറ്റിന് മുൻഭാഗമുള്ളവനപ്രദേശത്ത് കത്തി ഉപേക്ഷിച്ചതായാണ് നിഖില്‍ പൈലി പൊലീസിന് മൊഴി നല്‍കിയിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇവിടെ തിരച്ചില്‍ നടത്തിയിരുന്നു. ഒന്നും രണ്ടും പ്രതികളായ നിഖില്‍ പൈലി, ജെറിന്‍ ജോജോ എന്നിവരെ ഈ മാസം 22 വരെയും 3,4,5 പ്രതികളായ ജിതിന്‍, ടോണി, നിതിന്‍ എന്നിവരെ ഈ മാസം 21 വരെയുമാണ് അന്വേഷണത്തിനായി കസ്റ്റഡിയില്‍ വിട്ട് നല്‍കിയിരിക്കുന്നത്.