കോൺഗ്രസിന്റെ അതിക്രമങ്ങൾ വർധിച്ചപ്പോൾ ജനിച്ച നരേന്ദ്ര മോദി ശ്രീരാമനെപ്പോലെ അവതാരമാണ്: മധ്യപ്രദേശ് മന്ത്രി കമാൽ പട്ടേൽ

single-img
19 January 2022

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ശ്രീരാമന്റെ അവതാരം എന്ന് വിശേഷിപ്പിച്ച്‌ മധ്യപ്രദേശ് കൃഷിമന്ത്രിയും ബിജെപി നേതാവുമായ കമൽ പട്ടേൽ.കോൺഗ്രസ് ഭരണത്തിലെ അഴിമതിയും രാജ്യത്തെ സംസ്‌കാരത്തിന്റെ നാശവും കാരണം രാജ്യമാകെ ക്രൂരതകൾ വർദ്ധിച്ചുവെന്നും ഇതുമൂലം സൃഷ്ടിക്കപ്പെട്ട നിരാശയുടെ അന്തരീക്ഷം അവസാനിപ്പിക്കാനാണ് ശ്രീരാമനെയും ശ്രീകൃഷ്ണനെയും പോലെ മോദി ജനിച്ചതെന്നും കമാൽ പട്ടേൽ അവകാശപ്പെടുന്നു.

ഇന്ത്യയെ ലോകത്തിന്റെ ‘വിശ്വഗുരു’ ആകുന്നതിന്റെ പാതയിൽ നയിക്കുക, രാജ്യത്തെ അഴിമതിയിൽ നിന്ന് മുക്തമാക്കുക, പൊതുജനങ്ങളുടെ ക്ഷേമം ഉറപ്പാക്കുക എന്നിങ്ങിനെ പ്രധാനമന്ത്രി മോദി നിർവഹിച്ച ദൗത്യങ്ങൾ ഒരു സാധാരണക്കാരന് നിർവഹിക്കാൻ കഴിയില്ലെന്ന് കഴിഞ്ഞ ദിവസം ഹർദയിൽ മാധ്യമപ്രവർത്തകരോട് സംസാരിച്ചപ്പോൾ മന്ത്രി പറഞ്ഞു.

“ശ്രീരാമൻ മനുഷ്യരൂപത്തിൽ അവതാരമെടുത്ത് രാക്ഷസനായ രാവണനെ വധിച്ചും മറ്റ് ദുഷ്ടശക്തികളെ പരാജയപ്പെടുത്തി ജനങ്ങളെ സംരക്ഷിച്ചും ‘രാമരാജ്യം’ സ്ഥാപിച്ചു. നമ്മുടെ രാജ്യത്ത് ഏതെങ്കിലും പ്രതിസന്ധി വരുകയും സ്വേച്ഛാധിപത്യം വർദ്ധിക്കുകയും ചെയ്യുമ്പോൾ, ദൈവം മനുഷ്യരൂപത്തിൽ അവതാരമെടുക്കുമെന്ന് നമ്മുടെ മതത്തിലും സംസ്കാരത്തിലും പറയുന്നുണ്ട്.

കംസന്റെ ക്രൂരതകൾ വർധിച്ചപ്പോൾ, ഭഗവാൻ കൃഷ്ണൻ ജന്മമെടുക്കുകയും ക്രൂരതകൾ അവസാനിപ്പിച്ച് സാധാരണക്കാർക്ക് ആശ്വാസം നൽകുകയും ചെയ്തു, അതേപോലെ, ഇവിടെ കോൺഗ്രസിന്റെ അതിക്രമങ്ങൾ വർധിച്ചപ്പോൾ… അഴിമതിയും ജാതീയതയും ഉയർന്നു, രാജ്യത്തിന്റെ സംസ്കാരം നശിപ്പിക്കപ്പെട്ടു, ചുറ്റും നിരാശയുടെ അന്തരീക്ഷം നിലനിൽക്കുന്നു, അത് അവസാനിപ്പിക്കാനാണ് നരേന്ദ്ര മോദി ജനിച്ചത്.’ – മന്ത്രി പറഞ്ഞു.