പെണ്‍കുട്ടി വീണത് ബൈക്കിന്റെ മുന്‍വശം ഉയര്‍ത്തി അഭ്യാസ പ്രകടനത്തിനിടെ; ബൈക്കോടിച്ച ബിരുദ വിദ്യാര്‍ത്ഥിക്കെതിരെ സാദാചാര ആക്രമണം നടത്തിയവർ അറസ്റ്റിൽ

single-img
19 January 2022

തൃശൂര്‍ ജില്ലയിലെ ചീയാരത്ത് ബൈക്ക് യാത്രികനായ വിദ്യാര്‍ത്ഥിക്ക് മര്‍ദ്ദനമേറ്റ സംഭവത്തിൽ കൂടുതൽ ദൃശ്യങ്ങള്‍ പുറത്ത്. വിദ്യാര്‍ത്ഥിയാണ് ഇവിടെ ആദ്യം പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടതെന്നാണ് പുറത്തുവന്ന ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാകുന്നത്. ബൈക്കിന്റെ മുന്‍ഭാഗം ഉയര്‍ത്തി അഭ്യാസ പ്രകടനം നടത്തിയപ്പോഴാണ് പെണ്‍കുട്ടി ബൈക്കില്‍ നിന്നും വീണതെന്നും ദൃശ്യങ്ങളില്‍ കാണാന്‍ കഴിയുന്നുണ്ട്.

ബൈക്ക് ഓടിച്ചിരുന്ന ബിരുദ വിദ്യാര്‍ത്ഥിയായ അമലിനെതിരെ സാദാചാര ആക്രമണം നടത്തിയ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ ചേതന ഇന്‍സ്റ്റിട്യൂട്ടിൽ ബിരുദ വിദ്യാര്‍ത്ഥിയായ അമല്‍ സഹപാഠിക്കൊപ്പം ബൈക്കില്‍ പോകുന്നതിനിടെ ബൈക്കിന്റെ മുന്‍വശം ഉയര്‍ത്തി അഭ്യാസ പ്രകടനം നടത്തുമ്പോഴായിരുന്നു പിറകിലിരുന്ന പെണ്‍കുട്ടി താഴെ വീണത്.

സംഭവം കണ്ട നാട്ടുകാര്‍ ഓടിക്കൂടി അമലിനെ ചോദ്യം ചെയ്തു. അതിൽ പ്രകോപിതനായ അമല്‍ നാട്ടുകാരില്‍ ഒരാളെ തല്ലുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. പിന്നാലെ നാട്ടുകാരും അമലും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും അമലിനെ കല്ലു കൊണ്ട് തലയ്ക്ക് ഇടിക്കുകയുമായിരുന്നു. അമൽ നൽകിയ പരാതിയില്‍ ഒല്ലൂര്‍ പൊലീസ് കൊടകര സ്വദേശി ഡേവിസ്, ചീയാരം സ്വദേശി ആന്റോ എന്നിവര്‍ക്കെതിരെ കേസെടുത്തു. അതേസമയം, അമല്‍ മര്‍ദ്ദിച്ചെന്ന ഡേവിസിന്റെ പരാതിയില്‍ അമലിനെതിരെയുംപോലീസ് കേസെടുത്തിട്ടുണ്ട്. അമലുംസുഹൃത്തുക്കളും പ്രദേശത്ത് സ്ഥിരം ബൈക്ക് റേസിംഗ് നടത്താറുണ്ടെന്ന് ഒല്ലൂര്‍ പൊലീസ് പറയുന്നു.

അതേസമയം, തന്നെ മര്‍ദ്ദിച്ചവരെ മുന്‍പരിചയമില്ലെന്നും അവര്‍ തന്നെ എന്തിനാണ് മര്‍ദ്ദിച്ചത് എന്ന് അറിയില്ലെന്നുമായിരുന്നു അമലിന്റെ പ്രതികരണം.