പിടി തോമസിന്റെ മൃതദേഹ പൊതുദർശനത്തിന് പണം ചെലവഴിച്ചതിൽ അഴിമതി; തൃക്കാക്കര നഗരസഭയിൽ പ്രതിപക്ഷ ബഹളം

single-img
19 January 2022

അന്തരിച്ച പി ടി തോമസ് എംഎൽഎയുടെ മൃതദേഹ പൊതുദർശനത്തിന് പണം ചെലവഴിച്ചതിൽ അഴിമതി ആരോപിച്ച് തൃക്കാക്കര നഗരസഭയിൽ പ്രതിപക്ഷ പാർട്ടിയുടെ ബഹളം. നഗരസഭയുടെ ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി യോഗത്തിൽ കണക്ക് സമർപ്പിച്ചില്ലെന്ന് ആരോപിച്ച് പ്രതിപക്ഷം ചെയർപേഴ്സന്‍റെ ഓഫീസ് ഉപരോധിക്കുകയായിരുന്നു.

എന്നാൽ പ്രതിപക്ഷ ആരോപണം അടിസ്ഥാനരഹിതമെന്ന് ചെയർപേഴ്സൻ പറയുന്നു. നേരത്തെ, അന്തരിച്ച പിടി തോമസിന്‍റെ മൃതദേഹം തൃക്കാക്കര നഗരസഭയിൽ പൊതുദർശനത്തിന് വയ്ക്കാനായി ചെലവഴിച്ചത് നാല് ലക്ഷത്തി മൂവായിരം രൂപയായിരുന്നു. ഇതിൽ പൂക്കൾ വാങ്ങാനായി ചെലവാക്കിയത് 1,17,000 രൂപയാണ്. കൗൺസിലിന്‍റെ അനുമതിയില്ലാതെയാണ് പണം ചെലവാക്കിയതെന്നാണ് പ്രതിപക്ഷം ഉയർത്തുന്ന ആരോപണം.

ഇത്രയധികംപണം ചെലവിട്ട് ഒരു മാസം കഴിഞ്ഞിട്ടും ഭരണപക്ഷം ഇതിന്‍റെ കണക്ക് ഇതുവരെ സമർപ്പിച്ചിട്ടില്ല. ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയിലും കണക്ക് സർപ്പിക്കാതെ ചെയർപേഴ്സൻ ഫയൽ പിടിച്ച് വച്ചെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. ഇടതുപക്ഷ അംഗങ്ങൾ കൂടി പങ്കെടുത്ത അടിയന്തര കൗണ്‍സിൽ യോഗമാണ് തുക ചെലവാക്കാൻ തീരുമാനിച്ചതെന്നും അല്ലാതെയുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്നും ഭരണപക്ഷം പറയുന്നു.

സംസ്ഥാന മുഖ്യമന്ത്രിയടക്കം വിഐപികൾ പങ്കെടുത്തതുകൊണ്ടാണ് അലങ്കാരത്തിന് പൂക്കൾ വാങ്ങിയതെന്നാണ് നഗരസഭാ പറയുന്നത്. ഏതായാലും വിവാദത്തിന് താത്പര്യമില്ലാത്തതിനാൽ കോൺഗ്രസ് പ്രഖ്യാപിച്ച പോലെ നഗരസഭയ്ക്ക് ചെലവായ തുക രണ്ട് ദിവസത്തിനകം പാർട്ടി തിരിച്ചടക്കുമെന്നും ചെയർപേഴ്സൻ അറിയിച്ചു. നേരത്തെ, പി ടി തോമസിന്റെ സംസ്കാരവുമായി ബന്ധപ്പെട്ട മുഴുവൻ ചെലവും കോൺഗ്രസ് പാർട്ടിയാണ് വഹിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞിരുന്നു.