ശ്രീകാന്ത് വെട്ടിയാര്‍ക്കെതിരെ ബലാത്സംഗ കേസ് രജിസ്റ്റർ ചെയ്തു; ഒളിവിലുള്ള ശ്രീകാന്തിനായി തിരച്ചില്‍ ആരംഭിച്ചതായി പൊലീസ്

single-img
18 January 2022

സോഷ്യൽ മീഡിയവഴി പ്രശസ്തനായ വ്ളോഗര്‍ ശ്രീകാന്ത് വെട്ടിയാര്‍ക്കെതിരെ പോലീസ് ബലാത്സംഗ കേസ്. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്ന കൊല്ലം സ്വദേശിയായ യുവതി നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. യുവതിക്ക് വിവാഹ വാഗ്ദാനം നല്‍കി കൊച്ചിയിലെ രണ്ട് ഹോട്ടലുകളില്‍ എത്തിച്ച് പീഡിപ്പിച്ചെന്നാണ് കേസ്.

ഇതോടൊപ്പം ആലുവയിലെ ഫ്‌ളാറ്റില്‍ എത്തിച്ച് പീഡിപ്പിച്ചതായും പോലീസ് തയ്യാറാക്കിയ എഫ്ഐആര്‍ പറയുന്നു. സംഭവത്തെ തുടർന്ന് ഒളിവിലായ ശ്രീകാന്ത് വെട്ടിയാര്‍ക്കെതിരെ തിരച്ചില്‍ ആരംഭിച്ചതായി പൊലീസ് അറിയിച്ചു. സോഷ്യൽ മീഡിയയിൽ യൂട്യൂബ് വ്‌ളോഗിങ്ങിലൂടെയും ട്രോള്‍ വീഡിയോകളിലൂടെയും പ്രശസ്തനായ ശ്രീകാന്ത് വെട്ടിയാറിനെതിരെ ലൈംഗിക ആരോപണം ഉയര്‍ന്നിട്ട് അധികമായില്ല.

ആദ്യം വിമന്‍ എഗെനസ്റ്റ് സെക്ഷ്വല്‍ ഹരാസ്‌മെന്റ് എന്ന ഫെയ്‌സ്ബുക് പേജിലൂടെയാണ് ശ്രീകാന്തിനെതിരെ ബലാത്സംഗ ആരോപണം ഉയരുന്നത്. കഴിഞ്ഞ ദിവസം വീണ്ടും അതേ പേജിലൂടെ മറ്റൊരാള്‍ കൂടി ശ്രീകാന്തിനെതിരെ മീ ടൂ ആരോപണവുമായി എത്തുകയായിരുന്നു. ശ്രീകാന്ത് വെട്ടിയാര്‍ പ്രണയം നടിച്ച് പല ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചവരില്‍ ഒരാള്‍ എന്നു പറഞ്ഞാണ് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. വീട്ടിലെ പ്രാരാബ്ധങ്ങള്‍ പറഞ്ഞും അമ്മയ്ക്ക് ‘ഭ്രാന്ത് ‘(അയാള്‍ ഉപയോഗിച്ച വാക്ക് ) ആണെന്നു പറഞ്ഞുമൊക്കെയാണ് ശ്രീകാന്ത് വെട്ടിയാര്‍ സിമ്പതി നേടാന്‍ തുടങ്ങിയതെന്ന് കുറിപ്പില്‍ പറയുന്നു.