അബുദാബിയിലെ ഡ്രോണ്‍ ആക്രമണം; യുഎഇയ്ക്ക് പിന്തുണ അറിയിച്ച് ഇന്ത്യ

single-img
18 January 2022

കഴിഞ്ഞ ദിവസം അബുദാബിയിൽ നടന്ന ഹൂതി ഡ്രോണ്‍ ആക്രമണത്തില്‍ യുഎഇയ്ക്ക് പിന്തുണയുമായി ഇന്ത്യ. യുഎഇയുടെ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ വകുപ്പ് മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാനുമായി ഇന്ന് ഫോണില്‍ സംസാരിക്കവെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഡോ. എസ് ജയ്ശങ്കറാണ് യുഎഇയ്ക്ക് ഇന്ത്യയുടെ പിന്തുണയറിച്ചത്.

ഡ്രോണ്‍ ആക്രമണത്തില്‍ രണ്ട് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതില്‍ അനുശോചനം അറിയിക്കാനായി ശൈഖ് അബ്ദുല്ല, ഡോ. എസ് ജയ്ശങ്കറിനെ ഫോണില്‍ ഇങ്ങോട്ടുവിളിക്കുകയായിരുന്നു. മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കാന്‍ യുഎഇയിലെ ഇന്ത്യന്‍ എംബസി അധികൃതരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതായി എസ് ജയ്ശങ്കര്‍ ട്വിറ്ററില്‍ അറിയിക്കുകയും ചെയ്തു.

അബുദാബിയിൽ നടന്ന ഹൂതി ആക്രമണത്തെ അസ്വീകാര്യമായ പ്രവൃത്തിയെന്നാണ് എസ് ജയ്ശങ്കര്‍ ട്വീറ്റില്‍ വിശേഷിപ്പിച്ചത്. അതേസമയം, ആക്രമണത്തിന് പിന്നാലെ യുഎഇക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും പിന്തുണ അറിയിച്ചും അമേരിക്ക ഉൾപ്പെടെ നിരവധി ലോകരാജ്യങ്ങള്‍ രംഗത്തെത്തി.