ഗുണ്ടാ മാഫിയ വാഴ്ച അനുവദിക്കില്ല; സംസ്ഥാനത്തെ ക്രമസമാധാനം തകര്‍ന്നു എന്നത് വ്യാജ പ്രചാരണം: കോടിയേരി ബാലകൃഷ്ണൻ

single-img
18 January 2022

കേരളത്തിൽ ഗുണ്ടാ സംഘങ്ങളെ അമര്‍ച്ച ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന് സിപി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സാധാരണക്കാരായ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുമെന്നും കോട്ടയത്തുണ്ടായത് മയക്കുമരുന്ന് മാഫിയ സംഘങ്ങള്‍ തമ്മിലുള്ള പ്രശ്നമാണെന്നും പ്രതിയെ നേരത്തെ തന്നെ പോലീസ് കാപ്പ പ്രകാരം ജയിലില്‍ അടച്ചതാണെന്നും അദ്ദേഹം പറഞ്ഞു.

ഗുണ്ടാ മാഫിയ വാഴ്ച അനുവദിക്കില്ലെന്ന് വ്യക്തമാക്കിയ കോടിയേരി, കോടതിയാണ് പ്രതിക്ക് ജാമ്യം കൊടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്തെ ക്രമസമാധാനം തകര്‍ന്നു എന്നത് വ്യാജ പ്രചാരണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതോടൊപ്പം തന്നെ കോണ്‍ഗ്രസ്സ് നേതൃത്വത്തിനെതിരെയും അദ്ദേഹം രൂക്ഷ വിമർശനം നടത്തി. കോൺഗ്രസിനു മതേതര മുഖം നഷ്ടപ്പെട്ടു. ന്യൂനപക്ഷ നേതാക്കള്‍ നേതൃസ്ഥാനത്തേക്ക് വരുന്ന കീഴ് വഴക്കം ഇല്ലാതായെന്നും കോടിയേരി ചൂണ്ടിക്കാട്ടി.

ഇപ്പോൾ ദേശീയ തലത്തിലുള്ള മാറ്റമാണ് കേരളത്തിലും കാണുന്നത്. ന്യൂനപക്ഷ വിഭാഗത്തിലെ നേതാക്കളെ ദേശീയ തലത്തില്‍ ഒതുക്കിഹിന്ദുക്കള്‍ ഭരിക്കണം എന്ന് രാഹുല്‍ ഗാന്ധി പറഞ്ഞത് വര്‍ഗ്ഗീയതയാണ് . അദ്ദേഹത്തിന്റെ വാക്കുകളെ എതിര്‍ക്കാന്‍ കേരളത്തിലെ കോണ്‍ഗ്രസ്സ് നേതാക്കള്‍ക്ക് കഴിയാത്തത് എന്താണ് എന്നും കോടിയേരി ബാലകൃഷ്ണന്‍ മാധ്യമങ്ങളോട് ചോദിച്ചു.