യോഗിക്ക് ബിജെപി നല്‍കിയ യാത്രയയപ്പാണ് തെരഞ്ഞെടുപ്പിലെ ഗോരഖ്പുര്‍ സീറ്റ്: അഖിലേഷ് യാദവ്

single-img
17 January 2022

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഗോരഖ്പുര്‍ അര്‍ബനില്‍ മത്സരിക്കാന്‍ നിയോഗിച്ച പാര്‍ട്ടി നേതൃത്വത്തെ പരിഹസിച്ച് സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. നേരത്തെ, ക്ഷേത്ര നിർമ്മാണം നടക്കുന്ന അയോധ്യയില്‍ മത്സരിക്കാന്‍ താല്‍പര്യപ്പെടുകയും അതനുസരിച്ചു ചില നീക്കങ്ങള്‍ നടത്തുകയും ചെയ്തിരുന്നു യോഗി.

എന്നാൽ ഇപ്പോൾ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ബിജെപി നല്‍കിയ യാത്രയയപ്പ് ആണ് ഗോരഖ്പുര്‍ അര്‍ബനിലെ സീറ്റെന്നായിരുന്നു അഖിലേഷിന്റെ പരിഹാസം. ബിജെപിയുടെ ദേശീയ നേതൃത്വം ഇടപെട്ടതിനെ തുടര്‍ന്നാണ് ഗോരഖ്പുര്‍ അര്‍ബനില്‍ മത്സരിക്കാന്‍ യോഗി ആദിത്യനാഥ് സമ്മതം മൂളിയത്. അഖിലേഷിന്റെ വാക്കുകൾ: “നേരത്തെ ബിജെപി പറഞ്ഞത് യോഗി അയോധ്യയില്‍ മത്സരിക്കും മഥുരയില്‍ മത്സരിക്കും പ്രയാഗ്‌രാജില്‍ മത്സരിക്കും എന്നൊക്കെയാണ്. എന്നാൽ ഇപ്പോൾ നോക്കു, മുഖ്യമന്ത്രിയെ ബിജെപി ഇപ്പോഴേ ഗോരഖ്പുരിലേക്ക് അയച്ചു.

സംസ്ഥാനത്തെ ദളിതരും പിന്നോക്കക്കാരും ബിജെപിയുടെ പൊയ്മുഖം തിരിച്ചറിഞ്ഞു. യോഗി ആദിത്യനാഥിനേക്കാള്‍ മനോഹരമായി നുണ പറയാന്‍ ആര്‍ക്കും സാധിക്കില്ലെന്ന് ജനം തിരിച്ചറിഞ്ഞിരിക്കുന്നു. ഈ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി വന്‍ പരാജയം നേരിടും.

അതേസമയം, ഒന്നും രണ്ടും തെരഞ്ഞെടുപ്പ് ഘട്ടങ്ങളിലേക്കുള്ള പട്ടികയ്‌ക്കൊപ്പം ആറാം ഘട്ടത്തില്‍ മാത്രം തെരഞ്ഞെടുപ്പ് നടക്കുന്ന ഗോരഖ്പുര്‍ അര്‍ബനിലേയും സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത് സംസ്ഥാനത്തെ ഇപ്പോഴത്തെ ചര്‍ച്ചകളുടെ ഗതി മാറ്റാനാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ നേരത്തെ തന്നെ ചൂണ്ടിക്കാണിച്ചിരുന്നു.