കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് പരിപാടികൾ നടത്തി ബിജെപി; കെ സുരേന്ദ്രന്‍ ഉൾപ്പെടെ കണ്ടാലറിയാവുന്ന 1,500 പേര്‍ക്കെതിരെ കേസെടുത്ത്‌ പോലീസ്

single-img
17 January 2022

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് ബിജെപി നടത്തിയ പരിപാടികള്‍ക്കെതിരെ കേസെടുത്ത് പൊലീസ്. കോഴിക്കോട് ജില്ലയിലെ സമ്മേളനത്തിന് എതിരെയും പെരുമ്പാവൂരിലെ ജനകീയ പ്രതിരോധ പരിപാടിക്ക് എതിരെയുമാണ് നിലവിൽ കേസെടുത്തിരിക്കുന്നത്. കോഴിക്കോട് കഴിഞ്ഞ ദിവസം നടന്ന ബിജെപിയുടെ സമ്മേളനത്തില്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഉൾപ്പെടെ കണ്ടാലറിയാവുന്ന 1,500 പേര്‍ക്കെതിരെയാണ് കേസെടുത്തത്.

അധികൃതരുടെ അനുമതി ഇല്ലാതെയാണ് പരിപാടി സംഘടിപ്പിച്ചത് എന്ന് കോഴിക്കോട് സിറ്റി പൊലീസ് അറിയിച്ചു. നഗരത്തിൽ പോപ്പുലര്‍ ഫ്രണ്ടിനെതിരെ ജനകീയ പ്രതിരോധം എന്ന പേരില്‍ സംഘടിപ്പിക്കപ്പെട്ട ചടങ്ങ് കെ സുരേന്ദ്രന്‍ ആയിരുന്നു ഉദ്ഘാടനം ചെയ്തത്.

പോപ്പുലര്‍ ഫ്രണ്ടിനെതിരെ ബിജെപിയുടെ ജനജാഗ്രതാ സദസ്സ് എന്ന പേരിൽ എറണാകുളം ജില്ലയിൽ പെരുമ്പാവൂരില്‍ നടന്ന പ്രകടന പരിപാടിയില്‍ അഞ്ഞൂറോളം പേര്‍ പങ്കെടുത്തു. ആലപ്പുഴയിലെ ബിജെപി പ്രവർത്തകന്റെ കൊലപാതകത്തിന് എതിരെ ബിജെപി എറണാകുളം ജില്ലാ കമ്മിറ്റി നടത്തിയ പരിപാടി പെരുമ്പാവൂര്‍ മുന്‍സിപ്പല്‍ സ്റ്റേഡിയത്തിലാണ് നടന്നത്.

നിലവിൽ സംസ്ഥാനത്താകെ പൊതുപരിപാടികളില്‍ 50 പേര്‍ മാത്രം പങ്കെടുക്കാന്‍ പാടുള്ളൂ എന്ന് നിഷ്‌കര്‍ഷിച്ചിട്ടുള്ള സാഹചര്യത്തിലാണ് 500ഓളം ആളുകളെ പങ്കെടുപ്പിച്ച് പരിപാടി നടത്തിയത്. ഇതാണ് കേസ് എടുക്കാൻ കാരണം.