അരിത ബാബുവിനെ വിജയിപ്പിച്ച രീതിയില്‍ വാര്‍ത്ത കൊടുത്ത സംഭവം; വീഴ്ച പറ്റിയതായി മനോരമ; നിര്‍വ്യാജം ഖേദിക്കുന്നതായി പ്രസ്താവന

single-img
17 January 2022

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ കായംകുളം മണ്ഡലത്തില്‍ മത്സരിച്ച് തോറ്റ അരിത ബാബു തെരഞ്ഞെടുപ്പിൽ വിജയിച്ചതായുള്ള രീതിയില്‍ വാര്‍ത്ത കൊടുത്തതില്‍ തങ്ങൾക്ക് പറ്റിയ വീഴ്ച സമ്മതിച്ച് മനോരമ. നേരത്തെ തയ്യാറാക്കിയ ചില വിവരങ്ങള്‍ സാങ്കേതിക തകരാറുമൂലം ലൈവിലെത്തിയതാണെന്നും സംഭവത്തില്‍ നിര്‍വ്യാജം ഖേദിക്കുന്നതായും മനോരമ പ്രസ്താവനയില്‍ പറഞ്ഞു.

മനോരമയുടെ പ്രസ്താവന ഇങ്ങിനെ” ‘ അവസാന നിയമസഭാ തെരഞ്ഞെടുപ്പിലെ കായംകുളത്തെ ഫലത്തെപ്പറ്റി മനോരമ ഓണ്‍ലൈനില്‍ തെറ്റായ രീതിയിലുള്ള വാര്‍ത്ത പ്രത്യക്ഷപ്പെടാനിടയായതില്‍ നിര്‍വ്യാജം ഖേദിക്കുന്നു. വലിയ വാര്‍ത്താ പ്രാധാന്യമുള്ള തെരഞ്ഞെടുപ്പുകള്‍ക്കും മറ്റും ഫലം വരുമ്പോള്‍ത്തന്നെ കൊടുക്കാനായി ന്യൂസ് പോര്‍ട്ടലുകളും ചാനലുകളും പശ്ചാത്തല വിവരങ്ങള്‍ ചേര്‍ത്ത് റിപ്പോര്‍ട്ടുകള്‍ നേരത്തേ തയ്യാറാക്കിവെക്കാറുണ്ട്. ആ രീതിയിൽ , രണ്ട് തരത്തില്‍ തയാറാക്കിവച്ച വാര്‍ത്തകളിലൊന്നാണ് സാങ്കേതിക തകരാറുമൂലം ഇപ്പോള്‍ ലൈവിലെത്തിയത്.

തെരഞ്ഞെടുപ്പ് ഫലം വന്ന ദിവസം തന്നെ യു പ്രതിഭയുടെ വിജയം സംബന്ധിച്ച വാര്‍ത്ത കൊടുക്കുകയും അരിത ബാബുവിന്റെ വിവരങ്ങള്‍ ചേര്‍ത്തുതയാറാക്കി വച്ചിരുന്ന വാര്‍ത്ത നീക്കം ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ ചില സാങ്കേതിക തകരാറുകള്‍ മൂലം കഴിഞ്ഞ ദിവസം വാർത്ത ലൈവിലേക്ക് പോകുകയായിരുന്നു. ഇക്കാര്യം ശ്രദ്ധയില്‍പെട്ടയുടന്‍ തെറ്റായ വാര്‍ത്ത നീക്കം ചെയ്തു’.