സിപിഎം പാർട്ടി സമ്മേളനങ്ങളിൽ പരസ്യമായി നിയമം ലംഘിക്കുമ്പോൾ കാഴ്ചക്കാരായി നിൽക്കുന്ന പൊലീസ് എന്ത് സന്ദേശമാണ് ജനങ്ങൾക്ക് നൽകുന്നത്: ചെന്നിത്തല

single-img
16 January 2022

സർക്കാർ പുറപ്പെടുവിച്ച കോവിഡ് മാനദണ്ഡം പരസ്യമായി ലംഘിച്ച് സിപിഎം നടത്തുന്ന പാർട്ടി സമ്മേളനങ്ങൾ കണ്ടില്ലെന്നു നടിക്കുന്ന കേരളാ പൊലീസ് ഓരോ ദിവസവും സാധാരണക്കാർക്കെതിരെ കേസ് എടുക്കുന്നത് എന്ത് അടിസ്ഥാനത്തിലാണെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

സിപിഎം നടത്തുന്ന പാർട്ടി സമ്മേളനങ്ങളിലെ നിയമ ലംഘനങ്ങൾക്ക് കേസില്ല, എന്നാൽ സാധാരണക്കാർക്കെതിരെ ഇന്നലെ മാത്രം എടുത്തത് 3424 കേസുകളാണെന്ന് രമേശ് ചെന്നിത്തലആരോപിച്ചു. സംസ്ഥാനത്തെ പൊലീസ് ആസ്ഥാനത്തെ പത്രക്കുറിപ്പിൽ പറയുന്നത് കഴിഞ്ഞ ദിവസം മാത്രം കോവിഡ് മാനദണ്ഡം ലംഘിച്ചതിനു 3424 പേർക്കെതിരെ കേസ് എടുത്തു എന്നാണ്. ഇക്കൂട്ടത്തിൽ ഏറെ കേസുകളും മാസ്ക്ക് വെക്കാത്തതിനാണ്.

ഈ രീതിയിൽ ഓരോ ദിവസവും ലക്ഷക്കണക്കിനു രൂപയാണു സർക്കാർ സാധാരണക്കാരിൽ നിന്നും പിഴയായി ഈടാക്കുന്നത് . നിയമം ലംഘിക്കുന്നതിന് കേസ് എടുക്കുന്നതിൽ തെറ്റില്ല. പക്ഷെ പരസ്യമായി സിപിഎം പാർട്ടി സമ്മേളനങ്ങളിൽ നിയമം ലംഘിക്കുമ്പോൾ കാഴ്ചക്കാരായി നിൽക്കുന്ന പൊലീസ് എന്ത് സന്ദേശമാണു ജനങ്ങൾക്ക് നൽകുന്നതെന്ന് ചെന്നിത്തല ചോദിക്കുന്നു.

സംസ്ഥാനത്തെ സാധാരക്കാരായ ജനങ്ങൾക്ക് ഒരു നീതിയും പാർട്ടിക്കാർക്ക് മറ്റൊരു നീതിയും ഇതെന്തൊരു അനീതിയാണ്. പാർട്ടി സമ്മേളനങ്ങളിലെ നിയമ ലംഘനത്തിനു പൊലീസ് മുഖംനോക്കാതെ നടപടി എടുക്കണം. ഇക്കാര്യത്തിൽ ജില്ലാ കളക്ടർ അടക്കമുള്ളവർ ജാഗ്രത കാട്ടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.