ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ നായക സ്ഥാനം രാജിവെച്ച് വിരാട് കോലി

single-img
15 January 2022

ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം വിരാട് കോലി രാജിവച്ചു. ദക്ഷിണാഫ്രിക്കയ്ക്കെതിരെ നടന്ന ടെസ്റ്റ് പരമ്പരയിലെ തോൽവിക്ക് പിന്നാലെയാണ് രാജി പ്രഖ്യാപിച്ചത്. താൻ തന്റെ കഴിവിന്റെ പരമാവധി ടീമിനായി പ്രയത്നിച്ചെന്ന് കോലി ട്വീറ്റ് ചെയ്യുകയുണ്ടായി. അതേസമയം, ട്വന്റി20– ഏകദിന ഫോർമാറ്റുകളിലെ നായക സ്ഥാനം നേരത്തെ തന്നെ കോലി രാജിവച്ചിരുന്നു.

ഇന്ത്യൻ ടീമിനെ ശരിയായ ദിശയിലേക്കു കൊണ്ടു പോയത് ഏഴു വര്‍ഷത്തെ കഠിനാധ്വാനവും സ്ഥിരോല്‍സാഹവുമാണ്. ഞാനായിഒന്നും അവിടെ അവശേഷിപ്പിച്ചിട്ടില്ല, വളരെ സത്യസന്ധമായിട്ടാണ് ജോലി ചെയ്തത്. ഒരു ഘട്ടത്തില്‍ എല്ലാം അവസാനിപ്പിച്ചേ തീരൂ, ഇപ്പോള്‍ ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റനെന്ന നിലയില്‍ അതിനുള്ള സമയമെത്തിയിരിക്കുകയാണെന്നും കോലി രാജിക്കുറിപ്പില്‍ എഴുതി.

ടീമിനൊപ്പമുള്ള ഈ യാത്രയില്‍ ഒരുപാട് ഉയര്‍ച്ചകളും ചില താഴ്ചകളുമുണ്ടായിട്ടുണ്ട്. എന്നാൽ അവിടെ ഒരിക്കലും പരിശ്രമമോ, വിശ്വാസമോ ഇല്ലാതിരുന്നിട്ടില്ല. ചെയ്യുന്ന എല്ലാ കാര്യത്തിലും 120 ശതമാനം നല്‍കണമെന്നാണ് ഞാന്‍ എല്ലായ്‌പ്പോഴും വിശ്വസിച്ചിട്ടുള്ളത്. അതിനു സാധിച്ചില്ലെങ്കിൽ , ചെയ്യുന്നത് ശരിയല്ലെന്നും എനിക്കറിയാം. എനിക്ക് സ്വന്തം ഹൃദയത്തില്‍ നല്ല വ്യക്തതയുണ്ട്. ടീമിനോട് എനിക്കു സത്യസന്ധത പുലര്‍ത്താതിരിക്കാന്‍ കഴിയുകയില്ലെന്നും കോലി കുറിപ്പിൽ കൂട്ടിച്ചേര്‍ത്തു.