കിറ്റക്സിന്റെ അനധികൃത ജല ഉപയോഗം പരിശോധിക്കാനെത്തിയ ശ്രീനിജന്‍ എംഎല്‍എയും തൊഴിലാളികളും തമ്മിൽ തർക്കം; പോലീസ് കേസെടുത്തു

single-img
15 January 2022

കിറ്റക്സിന്റെ അനധികൃത ജല ഉപയോഗം പരിശോധിക്കാനെത്തിയ ശ്രീനിജന്‍ എംഎല്‍എയും തൊഴിലാളികളും തമ്മിൽ തർക്കമുണ്ടായി. കുന്നത്തുനാട് എംഎല്‍എ ശ്രീനിജൻ പെരിയാര്‍വാലി കനാല്‍ സന്ദര്‍ശിക്കാന്‍ എത്തിയപ്പോഴാണ് തൊഴിലാളികളുമായി തര്‍ക്കമുണ്ടായത്. സംഭവത്തില്‍ കുന്നത്തുനാട് പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

സിപിഎം പ്രവര്‍ത്തകര്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ തങ്ങളെ മര്‍ദ്ദിച്ചെന്നാരോപിച്ച് കിറ്റെക്‌സ് തൊഴിലാളികള്‍ ആശുപത്രിയിൽ ചികിത്സ തേടി. പെരിയാര്‍വാലി കനാലില്‍ നിന്ന് കിറ്റെക്‌സ് കമ്പനി ജലം അനധികൃതമായി ഉപയോഗിക്കുന്നുവെന്ന കിഴക്കമ്പലത്തെ ജനങ്ങളുടെ പരാതിയെ തുടര്‍ന്ന് പരിശോധനക്കായാണ് ശ്രീനിജന്‍ എംഎല്‍എ ഇവിടേക്ക് എത്തിയത്. ഇത്തരത്തിൽ കമ്പനി ജലം ഉപയോഗിക്കുന്നത് ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുത്തിയെന്നും ശ്രീനിജന്‍ എംഎല്‍എ പറയുന്നു.

പ്രദേശത്തെ കിറ്റെക്സ് കമ്പനിയിലെ മാലിന്യങ്ങള്‍ കൊണ്ടുപോകുന്ന പൈപ്പ് ഉള്‍പ്പടെ കനലിലൂടെ അനധികൃതമായാണ് കൊണ്ടുപോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.പെരിയാര്‍ വാലിയില്‍ നിന്നുള്ള കനാലൂടെ നിലവില്‍ ആഴ്ചയില്‍ ഒരിക്കലാണ് വെള്ളം എത്തുന്നത്. കിഴക്കമ്പലം പഞ്ചായത്തിലെ കിറ്റെക്‌സ് ഇരിക്കുന്ന പ്രദേശങ്ങള്‍ ഉള്‍പ്പടെ കടുത്ത കുടിവെള്ള ക്ഷാമം നേരിടുന്നുണ്ട്. ഇവിടെ തൊഴിലുറപ്പ് ജോലിക്കെത്തിയ എത്തിയ സ്ത്രീകള്‍ ആണ് കനലിന്റെ വശങ്ങള്‍ പൊട്ടിച്ച് വെള്ളം ഒഴുക്കുന്നത് കണ്ടെത്തിയതിനെ തുടര്‍ന്ന് പരാതിയുയര്‍ത്തുകയായിരുന്നു. എന്നാൽ ഈ ആരോപണം അടിസ്ഥാന രഹിതമാണെന്നും എംഎല്‍എയുടെ നേതൃത്വത്തിലുള്ള സംഘം കിറ്റെക്‌സിന്റെ സ്വകാര്യ സ്ഥലത്ത് അനധികൃതമായി കടന്ന് ഗുണ്ടായിസം കാണിക്കുകയായിരുന്നുവെന്നും സാബു എം ജേക്കബ് ആരോപിച്ചു.