ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയായി സിപിഎം മാറി; പരസ്യമായി ചൈനീസ് ചാരപ്പണി എടുക്കുന്നു: കെ സുരേന്ദ്രൻ

single-img
14 January 2022

സിപിഎം രാജ്യത്ത് പരസ്യമായി ചൈനീസ് ചാരപ്പണി എടുക്കുകയാണെന്ന ആരോപണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ഇന്ന് കോഴിക്കോട്ട് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം . ഇന്ത്യയ്ക്കെതിരെ അതിർത്തിയിൽ ചൈനീസ് നീക്കം നടക്കുമ്പോൾ സിപിഎം ചൈനക്കൊപ്പം നിൽക്കുന്നത് ഗൗരവതരമായ കാര്യമാണ്.അവർ സ്വീകരിച്ചുവരുന്ന തുടർച്ചയായ രാജ്യദ്രോഹ നിലപാടിന്റെ ഭാഗമാണ് പോളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രപിള്ളയുടെ ഇന്ത്യാവിരുദ്ധ പരാമർശമെന്നും സുരേന്ദ്രൻ ആരോപിച്ചു.

ഇന്ത്യ ചൈനയെ വളഞ്ഞിട്ട് ആക്രമിക്കുകയാണെന്ന് പറയുന്നത് തികച്ചും ദേശവിരുദ്ധമാണ്. നമ്മുടെ രാജ്യത്ത് പ്രവർത്തിക്കുന്ന ഒരു രാഷ്ട്രീയ പാർട്ടി ഇന്ത്യയ്ക്കെതിരായ സമീപനം സ്വീകരിക്കുന്നത് പ്രതിഷേധാർഹമാണ്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയായി സിപിഎം മാറി. കാശ്മീരിൽ ഇന്ത്യ മനുഷ്യാവകാശം ലംഘിക്കുന്നുവെന്നാണ് സിപിഎം പറയുന്നത്. ഇന്ത്യയിൽ നടക്കുന്ന എല്ലാ വിധ്വംസന പ്രവർത്തനത്തെയും പിന്തുണയ്ക്കുന്നവരാണ് കമ്മ്യൂണിസ്റ്റുകാർ.

സിപിഎം എന്നത് ഒരു പച്ചയായ രാജ്യദ്രോഹ പാർട്ടിയാണെന്നും ഇന്ത്യയോടല്ല ചൈനയോടാണ് അവർക്ക് കൂറെന്നും സുരേന്ദ്രൻ ആരോപിക്കുന്നു . അതേസമയം, രാജ്യത്തിന്റെ റിപ്പബ്ലിക്ക് ഡേ പരേ‍ഡിൽ ശ്രീനാരായണ ഗുരുദേവന്റെ പ്ലോട്ട് ഒഴിവാക്കിയെന്നത് നട്ടാൽ മുളയ്ക്കാത്ത നുണയാണ്. അവസാന മൂന്ന് വർഷമായി നിലവാരമില്ലാത്തതിനാലാണ് കേരളത്തിന്റെ പ്ലോട്ട് റിപ്പബ്ലിക്ക് ദിന പരേഡിൽ അനുവദിക്കാത്തത്. കേരളത്തിന് വേണ്ടത്ര ഗൃഹപാഠമില്ലാത്തതാണ് കൊണ്ടാണ് അവസരം ലഭിക്കാത്തത്.

കേരളത്തിൽ ഗുരുദേവനെ അപമാനിച്ചവരാണ് ഇപ്പോൾ ഗുരുദേവന്റെ വക്താക്കളാവുന്നത്. ശ്രീ നാരായണ ഗുരുവിനെ ഏറ്റവും കൂടുതൽ ആക്ഷേപിച്ചവരാണ് ഇടതുപക്ഷം. ഗുരുദേവന്റെ ദർശനങ്ങൾ ലോകം മുഴുവൻ പ്രചരിപ്പിച്ച നരേന്ദ്രമോദി സർക്കാരാണ് രാജ്യം ഭരിക്കുന്നത്. ഗുരുദേവന്റെ പേരിൽ ജനങ്ങളെ തമ്മിലടിപ്പിക്കാനാണ് സിപിഎം ശ്രമമെന്നും കെ സുരേന്ദ്രൻ ആരോപിച്ചു.