സുധാകരന്‍റെ പൊളിറ്റിക്കൽ തന്തയല്ല എസ്എഫ്ഐയുടെയും ഡിവൈഎഫ്ഐയുടെയും പൊളിറ്റിക്കൽ തന്ത: എഎ റഹിം

single-img
13 January 2022

ഇടുക്കിയിൽ എസ് എഫ് ഐ പ്രവർത്തകനായ ധീരജിന്റേത് ഇരന്നു വാങ്ങിയ രക്തസാക്ഷിത്വമെന്ന കെ പി സി സി അധ്യക്ഷൻ കെ സുധാകരന്‍റെ പ്രസ്താവനയിൽ രൂക്ഷ വിമർശനവുമായി ഡി വൈ എഫ് ഐ നേതാവ് എ എ റഹിം . സുധാകരന്‍റെ പൊളിറ്റിക്കൽ തന്തയല്ല എസ്എഫ്ഐയുടെയും ഡിവൈഎഫ്ഐയുടെയും പൊളിറ്റിക്കൽ തന്തയെന്ന് എ എ റഹീം പറഞ്ഞു.

കൊലചെയ്ത് തീർക്കണമെന്നാണ് യൂത്ത് കോൺഗ്രസുകാരോട് കോൺഗ്രസ് പറയുന്നത്. ഇത്തരത്തിൽ കോൺഗ്രസിന്‍റെ വെർബൽ അറ്റാക്ക് സി പി എം -ഡിവൈഎഫ്ഐ പ്രവർത്തകരെ പ്രകോപിപ്പിക്കാനാണ്. ഇത്തരത്തിലുള്ള കെണിയിൽ പ്രവർത്തകർ വീഴാൻ പാടില്ല. കെ സുധാകരന്‍റെ മനസിക നില പരിശോധിക്കപ്പെടണമെന്നും എ എ റഹീം ആവശ്യപ്പെട്ടു. കൊലപാതകത്തിനെതിരെയുളള ജനകീയ സദസ്സ് തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു കൊലപാതകത്തെ ഇരന്നു വാങ്ങിയ രക്തസാക്ഷിത്വമെന്ന് പറയുന്നത് എത്രമാത്രം ഭീകരം. ഇരന്നു വാങ്ങിയതെന്ന് പറയുമ്പോൾ കൊന്നത് കോൺഗ്രസെന്ന് സുധാകരൻ സമ്മതിച്ചിരിക്കുന്നു. ഭീകര സംഘടനകൾ കുറ്റകൃത്യം ഏൽക്കുന്നതു പോലെയാണ് കെ പി സി സി നേതൃത്വത്തിന്‍റെ നടപടി. ഭീകര സംഘടനകളുടെ തലവന്മാരെപ്പോലെയാണ് സുധാകരന്‍റെ വാക്കുകൾ.

ഇവിടെ കെ സുധാകരൻ കൊലയാളികളെ പരസ്യമായി പിന്തുണയ്ക്കുന്നു. കൊലയാളിയായ നിഖിൽ പൈലിയെക്കാൾ ഭീകരനാണ് കെ സുധാകരനെന്നും എ എ റഹീം ആരോപിച്ചു. കെ കോൺഗ്രസിന് മൃതസഞ്ജീവനി കൊടുക്കാനാണ് ശ്രമിക്കുന്നത്. എന്നാൽ അതുകൊണ്ടൊന്നും കോൺഗ്രസ് രക്ഷപെടാൻ പോകുന്നില്ല. ഏ കെ ആൻറണിയും ഉമ്മൻ ചാണ്ടിയും ചെന്നിത്തലയുമൊക്കെ സുധാകരന്‍റെ വാക്കുകളെ കുറിച്ച് പ്രതികരിക്കണമെന്നും റഹീം പറഞ്ഞു.