യുപിയിൽ യോഗി മന്ത്രിസഭയിൽ നിന്ന് രാജിവെച്ച മന്ത്രി സ്വാമി പ്രസാദ് മൗര്യയ്ക്ക് അറസ്റ്റ് വാറന്‍റ്

single-img
12 January 2022

യുപിയിൽ യോഗി മന്ത്രിസഭയിൽ നിന്ന് രാജിവെച്ച മന്ത്രി സ്വാമി പ്രസാദ് മൗര്യയ്ക്ക് അറസ്റ്റ് വാറന്‍റ്. 2014ൽ നടത്തിയതായി ആരോപിക്കപ്പെടുന്ന വിദ്വേഷ പ്രസംഗത്തിലാണ് കേസ്. സുല്‍ത്താന്‍പൂര്‍ കോടതിയുടേതാണ് നടപടി. ഈ കേസിൽ ഇന്ന് കോടതിയിൽ ഹാജരാകാൻ മൗര്യയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അദ്ദേഹം തയ്യാറായില്ല.

സമൂഹത്തിൽ മതവിദ്വേഷം വളർത്തിയെന്ന കേസിൽ ജനുവരി 24ന് കോടതിയിൽ ഹാജരാകാനാണ് ഇപ്പോൾ ആവശ്യപ്പെട്ടിരിക്കുന്നത്. കേസിനു ആസ്പദമായ സംഭവം നടക്കുമ്പോള്‍ അദ്ദേഹം മായാവതിയുടെ ബഹുജൻ സമാജ് പാർട്ടിയിൽ ആയിരുന്നു. പിന്നീട് 2016ല്‍ അലഹബാദ് ഹൈക്കോടതി ഇദ്ദേഹത്തിന്‍റെ അറസ്റ്റ് തടഞ്ഞിരുന്നു. അതിനുശേഷം നിരവധി തവണ കോടതി വാദം കേട്ടു.

“വിവാഹ സമയത്ത് ഗൗരി ദേവിയെയോ ഗണപതി ഭഗവാനെയോ ആരാധിക്കരുത്. ദലിതരെയും പിന്നാക്ക വിഭാഗക്കാരെയും തെറ്റിദ്ധരിപ്പിക്കാനും അടിമകളാക്കാനുമുള്ള സവർണ മേധാവിത്വ ​​വ്യവസ്ഥിതിയുടെ ഗൂഢാലോചനയാണിത്”- ഈ പരാമര്‍ശമാണ് കേസിനാധാരം.