യുപിയിൽ ബിജെപിക്ക് വീണ്ടും തിരിച്ചടി; യോഗി മന്ത്രിസഭയിൽ നിന്നും ഒരു മന്ത്രി കൂടി രാജിവച്ചു

single-img
12 January 2022

നിയമസഭാ തെരഞ്ഞെടുപ്പ് സമീപത്തെത്തി നിൽക്കവേ യുപിയിൽ ബിജെപി സർക്കാരിന് തിരിച്ചടിയായി ഒരു മന്ത്രി കൂടി രാജിവച്ചു. സംസ്ഥാന വനം പരിസ്ഥിതി മന്ത്രി ധാരാസിങ് ചൗഹാനാണ് യോഗി ആദിത്യനാഥ് മന്ത്രിസഭയിൽ നിന്ന് രാജിവെച്ചത്. അവസാന 24 മണിക്കൂറിനുള്ളിൽ ഉത്തർപ്രദേശിൽ രാജിവെയ്ക്കുന്ന രണ്ടാമത്തെ മന്ത്രിയാണ് ധാരാസിങ് ചൗഹാൻ.

യോഗി സർക്കാരിൽ തൊഴിൽമന്ത്രിയായിരുന്ന സ്വാമി പ്രസാദ് മൗര്യ ഇന്നലെ രാജിവെച്ചിരുന്നു. ഇന്ന് രാജിവെച്ച ധാരാസിങ് ചൗഹാൻ നേരത്തെ ബിഎസ്പി അംഗമായിരുന്നു. പിന്നീട് 2015ലാണ് ബിജെപിപിയിലെത്തിയത്. ബിജെപി വിടുമെന്ന അഭ്യൂഹങ്ങൾക്കിടെ ധാരാ സിങ് ചൗഹാനെ അമിത് ഷാ അടിയന്തരമായി ഡൽഹിക്ക് വിളിപ്പിച്ചിരുന്നു.

യുപിയിൽ ബിജെപിക്ക് കനത്ത തിരിച്ചടി നൽകിക്കൊണ്ടായിരുന്നു കാബിനറ്റ് മന്ത്രിയും പിന്നാക്കവിഭാഗങ്ങൾക്കിടയിൽ സ്വാധീനമുള്ള നേതാവുമായ സ്വാമി പ്രസാദ് മൗര്യയും രോഷൻലാൽ വർമ, ബ്രിജേഷ് പ്രജാപതി, ഭഗവതി സാഗർ, വിനയ് ശാക്യ എന്നീ നാല് എംഎൽഎമാരും പാർട്ടിവിട്ടുപോയത്.