യുപിയില്‍ ബിജെപിക്ക് വന്‍ തിരിച്ചടി; മന്ത്രിയും രണ്ട് എംഎൽഎമാരും രാജിവെച്ചു

single-img
11 January 2022

യുപി ഉൾപ്പെടെയുള്ള രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങള്‍ നിയമസഭാ തെരഞ്ഞെടുപ്പ് ചൂടിലേക്ക് കടന്നിരിക്കെ യുപിയില്‍ ബിജെപിക്ക് വന്‍ തിരിച്ചടി. യോഗി മന്ത്രി സഭയിൽ നിന്നും ബിജെപി നേതാവായിരുന്ന സ്വാമി പ്രസാദ് മൗര്യ മന്ത്രിസ്ഥാനം രാജിവെച്ച് സമാജ്‌വാദി പാര്‍ട്ടിയില്‍ ചേര്‍ന്നു.

സംസ്ഥാനത്തെ ബിജെപി ഒബിസി ദളിത് വിഭാഗങ്ങളും യുവാക്കളും അവഗണിക്കപ്പെടുന്നതിനാലാണ് രാജിയെന്ന് സ്വാമി പ്രസാദ് മൗര്യ മാധ്യമങ്ങളോട് പ്രതികരിച്ചു. മന്ത്രിയോടൊപ്പം മറ്റ് രണ്ട് എംഎല്‍എമാരും ബിജെപിയില്‍ നിന്ന് രാജിവെച്ചിട്ടുണ്ട്. മൗര്യയുടെ അടുത്ത അനുയായിയായ റോഷന്‍ ലാല്‍, ബ്രിജേഷ് പ്രതാപ് പ്രജാപതി എന്നിവരാണ് ബിജെപിയിൽ നിന്നും നിർണ്ണായക ഘട്ടത്തിൽ രാജി വെച്ചത്.

രാജിക്ക് പിന്നാലെ തന്നെ മൗര്യയെ സമാജ്‌വാദി പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നു എന്ന് പറഞ്ഞ് അഖിലേഷ് യാദവ് ട്വീറ്റ് ചെയ്തിരുന്നു. തൊട്ടു പിന്നാലെ അഖിലേഷ് സ്വാമി പ്രസാദ് മൗര്യയോടൊപ്പം നില്‍ക്കുന്ന ഫോട്ടോയും പുറത്തുവന്നിരുന്നു. അതേസമയം, മൗര്യക്ക് പിന്തുണ പ്രഖ്യാപിച്ച് ഇനിയും കൂടുതല്‍ എംഎല്‍എമാര്‍ ബിജെപിയില്‍ നിന്നും രാജിവെക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.