പാലക്കാട് വൃദ്ധ ദമ്പതികളുടെ ഇരട്ടക്കൊലപാതകം; മകന്‍ സനല്‍ പിടിയില്‍

single-img
11 January 2022

പാലക്കാട് ജില്ലയിലെ പുതുപ്പരിയാരം ഇരട്ടക്കൊലപാതകത്തില്‍ കൊല്ലപ്പെട്ട ദമ്പതികളുടെ മകനായ സനല്‍ പിടിയിലായി. ഓട്ടൂര്‍കാട് പ്രതീക്ഷാ നഗറില്‍ റിട്ട. ആര്‍എംഎസ് ജീവനക്കാരന്‍ ചന്ദ്രന്‍ ( 68), ഭാര്യ ദൈവാന ദേവി ( ദേവി-54) എന്നിവരെയായിരുന്നു ഇന്നലെ രാവിലെ വീട്ടില്‍ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

സംഭവത്തിന് ശേഷം ഇവരുടെ മകന്‍ സനലിനെ വീട്ടില്‍ നിന്നും കാണാനില്ലായിരുന്നു. തുടർന്ന് നാട്ടുകാരാണ് സനലിനെ പിടികൂടി പൊലീസിലേല്‍പ്പിച്ചത്. ദമ്പതികളുടെ കൊലപാതകത്തിന് പിന്നില്‍ ദമ്പതികളുടെ മകനായ സനല്‍( 28) ആണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സനല്‍ ഞായറാഴ്ച രാത്രി ഒമ്പതു മണി വരെ വീട്ടില്‍ ഉണ്ടായിരുന്നതായി ബന്ധുക്കള്‍ പൊലീസിനോട് പറഞ്ഞു.

അതേസമയം, പൊലീസ് നടത്തിയ അന്വേഷണത്തില്‍ സനലിന്റെ ഫോണ്‍ സ്വിച്ച്‌ ഓഫ് ആണെന്ന് കണ്ടെത്തി. ഇന്നു പുലര്‍ച്ചെ സനല്‍ ഓട്ടോറിക്ഷയില്‍ വീട്ടിലെത്തിയപ്പോഴാണ് നാട്ടുകാര്‍ പിടികൂടിയത്. ഇയാള്‍ മൈസൂരുവില്‍ ഒളിവിലായിരുന്നു എന്നാണ് സൂചന. ആലത്തൂര്‍ ഡിവൈഎസ്പി ഓഫീസില്‍ സനലിനെ ഇപ്പോൾ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. ഇരട്ട കൊലപാതകം നടന്ന വീട്ടിൽ നിന്ന് കണ്ടെടുത്ത സിറിഞ്ചുകൾ സനൽ മയക്കുമരുന്ന് ഉപയോഗിച്ചതെന്ന സംശയം പൊലീസിൽ ബലപ്പെടുത്താൻ കാരണമായി.