ഇതാണ് കോണ്‍ഗ്രസിന്റെ സെമി കേഡറെങ്കില്‍ കേരളത്തിന്റെ അവസ്ഥയെന്താകും: കോടിയേരി ബാലകൃഷ്ണന്‍

single-img
10 January 2022

ഇടുക്കി എഞ്ചിനിയറിംഗ് കോളേജിൽ എസ് എഫ് ഐ പ്രവര്‍ത്തകന്റെ കൊലപാതകത്തിന് പിന്നാലെ കോണ്‍ഗ്രസിനും കെപിസിസി അധ്യക്ഷന്‍ കെ സുധാകരനുമെതിരെ രൂക്ഷ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

സംസ്ഥാനത്തെ കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് കെ സുധാകരന്‍ വന്നതിന് ശേഷം സംസ്ഥാനത്ത് അക്രമ രാഷ്ട്രീയമാണുണ്ടാകുന്നതെന്ന് കോടിയേരി പ്രസ്താവനയിൽ കുറ്റപ്പെടുത്തി. കെ സുധാകരന്‍ പ്രകോപനം സൃഷ്ടിക്കുന്നു. ഇതുവരെ 21 പേരാണ് സംസ്ഥാനത്ത് കൊല്ലപ്പെട്ടത്. കേരളത്തില്‍ ക്രമസമാധാനം തകര്‍ന്നുവെന്ന് വരുത്തിത്തീര്‍ക്കാനാണ് ഇപ്പോള്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നത്.

ഇനിയെങ്കിലും കോണ്‍ഗ്രസ് കൊലക്കത്തി താഴെ വെക്കണം. ഇതാണ് കോണ്‍ഗ്രസിന്റെ സെമി കേഡറെങ്കില്‍ കേരളത്തിന്റെ അവസ്ഥയെന്താകുമെന്നും കോടിയേരി ചോദിച്ചു. ഇടുക്കി എഞ്ചിനിയറിംഗ് കോളേജിലെ എസ് ഐഫ് ഐ പ്രവര്‍ത്തകന്‍ ധീരജിന്റെ കൊലപാതകം അത്യന്തം പ്രതിഷേധാര്‍ഹമാണ്.

കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിലെ കെഎസ് യുവിന്റെ പരാജയഭീതി കാരണം പുറത്ത് നിന്ന് സംഘടിച്ചെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് അക്രമം നടത്തിയത്. സംസ്ഥാനത്തെ കലാലയങ്ങള്‍ സംഘര്‍ഷഭൂമിയാക്കി തകര്‍ച്ചയില്‍ നിന്ന് കരകയറാനുള്ള ശ്രമമാണ് കോണ്‍ഗ്രസ് നടത്തുന്നതെന്നും കോടിയേരി കുറ്റപ്പെടുത്തി. യൂണിവേഴ്‌സിറ്റി യൂണിയന്‍ തെരഞ്ഞെടുപ്പുകള്‍ അക്രമത്തിലൂടെ പിടിച്ചെടുക്കാനുള്ള ശ്രമം നടക്കില്ലെന്നും കോടിയേരി ഓർമ്മപ്പെടുത്തി.