ഇന്ത്യയില്‍ പ്രാദേശിക സഖ്യങ്ങളാണ് പ്രായോഗികം; ബിജെപിയെ പരാജയപ്പെടുത്തുക ലക്‌ഷ്യം: സീതാറാം യെച്ചൂരി

single-img
9 January 2022

നടക്കാനിരിക്കുന്ന യുപിയില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ സമാജ് വാദി പാര്‍ട്ടിയെ പിന്തുണക്കുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഇനി രാജ്യത്ത് നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിയെ പരാജയപ്പെടുത്തുകയാണ് ലക്ഷ്യമെന്നും അതിനാവശ്യമായ നയം രൂപീകരിക്കുമെന്നും യെച്ചൂരി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങിനെ:‘ഇന്ത്യയില്‍ പ്രാദേശിക സഖ്യങ്ങളാണ് പ്രായോഗികം. കാരണം ഓരോ സംസ്ഥാനങ്ങളിലും രാഷ്ട്രീയ പാര്‍ട്ടികളുടെ സ്വാധീനം വ്യത്യസ്തമാണ്. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ ഭൂരിഭാഗം ജനങ്ങളും ബിജെപിക്കെതിരാണ്,’

അതേസമയം, സിപി.എം 23ാം പാര്‍ട്ടി കോണ്‍ഗ്രസ് ഏപ്രില്‍ ആറ് മുതല്‍ 10 വരെ കണ്ണൂരില്‍ നടക്കും. കേന്ദ്രകമ്മിറ്റി യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനം എടുത്തത്. ഇത്തവണ പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കാനുള്ള രാഷ്ട്രീയ പ്രമേയത്തിന്റെ കരടിനും കേന്ദ്രകമ്മിറ്റി അംഗീകാരം നല്‍കി.

ഇത് വരുന്ന ഫെബ്രുവരി ആദ്യവാരം കരട് പ്രസിദ്ധീകരിക്കും. അന്തിമ രേഖ തയ്യാറാക്കാന്‍ പിബിയെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. രാഷ്ട്രീയ സാഹചര്യം അനുസരിച്ച് പ്രാദേശിക പാര്‍ട്ടികളുമായി സഖ്യമാകാം എന്ന് സിപിഎം പിബി നേരത്തെ വിലയിരുത്തിയിരുന്നു.