ഒമിക്രോൺ കേസുകൾ കൂടുന്നതിൽ ആശങ്ക; രാജ്യത്തെ കോവിഡ് സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കും: പ്രധാനമന്ത്രി

single-img
9 January 2022

രാജ്യത്തെ അതി സങ്കീർണ്ണമായ കോവിഡ് സാഹചര്യം വിലയിരുത്താൻ സംസ്ഥാന മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ന് ചേർന്ന ഉന്നതതല യോഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്. കോവിഡ് അതിവേഗം വ്യാപിക്കുന്ന സാഹചര്യം വളരെ ഗൗരവമുള്ളതായാണ് സർക്കാർ കാണുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ഇതോടൊപ്പം തന്നെ രാജ്യത്ത് ഒമിക്രോൺ കേസുകൾ കൂടുന്നതും ആശങ്കയ്ക്കിടയാക്കുന്നുണ്ട്. എല്ലാ സംസ്ഥാനങ്ങളിലും ജില്ലാ തലങ്ങളിൽ ആശുപത്രി സൗകര്യം വർധിപ്പിക്കാൻ സംസ്ഥാന സർക്കാരുകൾക്ക് കേന്ദ്ര സർക്കാർ നിർദേശം നൽകി. കൗമാരക്കാരുടെ വാക്‌സിനേഷനും അതിവേഗം പൂർത്തിയാക്കണമെന്ന് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടു.

കോവിഡിനെ ഫലപ്രദമായി നേരിടാനുള്ള സാങ്കേതിക സഹായം കേന്ദ്ര സർക്കാർ ഉറപ്പ് നൽകി. നിലവിലെ സാഹചര്യത്തിൽ കോവിഡ് ക്ലസ്റ്ററുകളിൽ കർശനമായ നിരീക്ഷണം ഏർപ്പെടുത്തണമെന്നും, കണ്ടൈൻമെന്റ് നടപടികൾ തുടരണമെന്നും കേന്ദ്ര സർക്കാർ ഉന്നത തല യോഗത്തിൽ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിൽ വാക്‌സിൻ സർട്ടിഫിക്കറ്റിൽ നിന്നും പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കാനും തീരുമാനമായി. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിൽ വന്ന സാഹചര്യത്തിലാണ് ഈ നിർണായകമായ തീരുമാനം.