പ്രധാനമന്ത്രിക്കെതിരെ വാചകങ്ങളെഴുതിയ യുപി രജിസ്ട്രേഷൻ കാർ തിരുവനന്തപുരത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ

single-img
9 January 2022

കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരം ജില്ലയിലെ പട്ടത്ത് ദുരൂഹ സാഹചര്യത്തിൽ ഉപേക്ഷിക്കപ്പെട്ട വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വാചകങ്ങളെഴുതിയ യുപി രജിസ്ട്രേഷൻ കാറാണ് ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെ സ്വകാര്യ ഹോട്ടലിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തത്.

പഞ്ചാബ് സ്വദേശിയായ ഒരാൾ ഹോട്ടലിൽ ബ​ഹളമുണ്ടാക്കി കാർ ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു. ഇയാൾക്കുവേണ്ടി പൊലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. നല്ല വേഗതയിൽ എത്തിയ കാർ ഹോട്ടലിനു മുന്നിൽ നിർത്തുകയായിരുന്നു. ഇതിനെ സുരക്ഷാ ജീവനക്കാർ ചോദ്യം ചെയ്തതോടെ ഇയാൾ അസ്വസ്ഥനായി. കാറിന്റെ ബോഡിയിൽ കർഷക സമരം, പുൽവാമ ഭീകരാക്രമണം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്കും ആർഎസ്എസിനും എതിരായ വാചകങ്ങൾ എഴുതിയിട്ടുണ്ടായിരുന്നു.

ഇത്തരത്തിലുള്ള എഴുത്തിലും യുവാവിന്റെ പെരുമാറ്റത്തിലും അസ്വഭാവികത തോന്നിയതോടെ ഹോട്ടൽ ജീവനക്കാർ ഇയാൾക്ക് മദ്യം നൽകിയില്ല. ഇതിൽ പ്രകോപിതനായ ഇയാൾ ഹോട്ടലിൽ ബഹളം വെച്ചതിനെ തുടർന്ന് ഹോട്ടൽ അധികൃതർ പൊലീസിനെ വിളിച്ചതോടെ ഇയാൾ കാർ സ്ഥലത്ത് ഉപേക്ഷിച്ച് ഓട്ടോയിൽ കടന്നു കളഞ്ഞു.

തുടർന്ന് പൊലീസ് എത്തി കാർ സ്റ്റേഷനിലേക്ക് മാറ്റി. ബോംബ് സ്ക്വാഡും ഡോ​ഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. പരിശോധനയിൽ അസ്വഭാവികമായതൊന്നും കണ്ടെത്തിയിട്ടില്ല. പഞ്ചാബ് സ്വദേശിയായ ഓംകാറിന്റെ പേരിലുള്ളതാണ് കാർ. സംഭവം ഉന്നത അന്വേഷണ ഉദ്യോ​ഗ​സ്ഥരെ പൊലീസ് അറിയിച്ചിട്ടുണ്ട്.