കെ സുരേന്ദ്രന്‍ സര്‍വഗുണ സമ്പന്നന്‍; ആ ഒരു ഗുണവും എനിക്ക് ഉണ്ടാവരുതേ എന്നാണ് പ്രാര്‍ത്ഥന: വിഡി സതീശൻ

single-img
3 January 2022

താന്‍ ഒരു നിര്‍ഗുണ പ്രതിപക്ഷ നേതാവാണെന്ന് പറഞ്ഞ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെ പരിഹസിച്ച് വിഡി സതീശന്‍. കെ സുരേന്ദ്രന്‍ സര്‍വഗുണ സമ്പന്നന്‍ ആണല്ലോയെന്നും എന്നാൽ അദ്ദേഹത്തിനുള്ള ഒരു ഗുണവും തനിക്ക് ഉണ്ടാവരുതേ എന്നാണ് പ്രാര്‍ത്ഥനയെന്നും വിഡി സതീശന്‍ ഇന്ന് പറഞ്ഞു.സംസ്ഥാനത്തെ ബിജെപിയെ എടുക്കാച്ചരക്കാക്കി മാറ്റിയതിന് നേതൃത്വം കൊടുത്തവരാണ് കെ സുരേന്ദ്രനും വി മുരളീധരനുമെന്നും സതീശൻ പരിഹസിച്ചു.

വായ പോയ കോടാലി പോലെ വായും തലയുമില്ലാതെ കെ സുരേന്ദ്രന്‍ പറയുന്നത് ഏറ്റുപിടിക്കുന്ന മെഗാഫോണ്‍ അല്ല കേരളത്തിലെ പ്രതിപക്ഷവും പ്രതിപക്ഷ നേതാവും, സുരേന്ദ്രന്റെയും വി മുരളീധരനെയും പോലെയുള്ളവരാണ് പ്രതിപക്ഷത്തെ പിണറായി വിരോധം പഠിപ്പിക്കാനെത്തിയതെന്നും സതീശന്‍ പറഞ്ഞു.

പകല്‍ സമയം മുഴുവന്‍ പിണറായി വിരോധം പറഞ്ഞ്, രാത്രിയാകുമ്പോള്‍ കേന്ദ്ര ഏജന്‍സികള്‍ കേരള സര്‍ക്കാരിനെതിരെ നടത്തിയ അന്വേഷണങ്ങളും കേരളത്തിലെ പൊലീസ് ബിജെപി നേതാക്കള്‍ക്കെതിരെ നടത്തിയ അന്വേഷണവും ഒത്തു തീര്‍പ്പാക്കാന്‍ ഇടനിലക്കാരനായി നിന്ന് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയ ആളാണ് കേന്ദ്രമന്ത്രി വി മുരളീധരന്‍. അത്തരത്തിലുള്ള മുരളീധരൻ തന്നെ പിണറായി വിരോധം പഠിപ്പിക്കാന്‍ വരേണ്ട എന്നും സതീശന്‍ കൂട്ടിച്ചേർത്തു.

ഇതോടൊപ്പം തന്നെ മുഖ്യമന്ത്രിയെയും വി ഡി സീതശന്‍ വിമര്‍ശിച്ചു. സർക്കാർ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന കെ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് നിയമസഭയില്‍ രണ്ട് മണിക്കൂര്‍ ചര്‍ച്ചയ്ക്ക് തയ്യാറാകാത്ത മുഖ്യമന്ത്രി പൗരപ്രമുഖന്‍മാരെ കാണാന്‍ ഇറങ്ങിയിരിക്കുകയാണെന്ന് സതീശന്‍ പരിഹസിച്ചു.