സ്‌കൂളില്‍ ആര്‍എസ്എസ് പരിശീലനം; അന്വേഷിക്കാനെത്തിയ പൊലീസുകാര്‍ക്ക് മർദ്ദനമേറ്റു

single-img
2 January 2022

കോയമ്പത്തൂരിലെ വിലാങ്കുറിച്ചിയിലെ ഒരു സ്‌കൂളില്‍ ആര്‍എസ്എസ് പരിശീലന പരിപാടി നടത്തുന്നതറിഞ്ഞ് അന്വേഷിക്കാനെത്തിയ പൊലീസുകാര്‍ക്ക് മർദ്ദനമേറ്റു. ഡിസംബര്‍ 31ന് നടന്ന സംഭവത്തിൽ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പൊലീസിനെ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. പ്രദേശത്തെ സ്‌കൂളില്‍ ആര്‍എസ്എസ് പരിശീലനം നടക്കുന്നെന്ന് അറിഞ്ഞാണ് പൊലീസുകാര്‍ അന്വേഷിക്കാനെത്തിയത്.

നേരത്തെ ഇവിടേക്ക് ആർഎസ്എസിനെതിരെ നം തമിഴര്‍ പാര്‍ട്ടിയുട പ്രവര്‍ത്തകരും പ്രതിഷേധവുമായി എത്തിയിരുന്നു. ഈ പ്രതിഷേധത്തിൽ സംഘര്‍ഷാവസ്ഥ ഉടലെടുത്തതോടെ സ്ഥലത്ത് പൊലീസിനെ വിന്യസിക്കുകയായിരുന്നു. പിന്നീട് ഡിസിപി ജയചന്ദ്രന്‍ ഉള്‍പ്പെടെയുള്ള സംഘം സ്‌കൂളിലേക്ക് കടക്കാന്‍ ശ്രമിച്ചെങ്കിലും ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഇവരെ തടയുകയായിരുന്നു.

ഇതോടുകൂടി പൊലീസും ആര്‍എസ്എസ് പ്രവര്‍ത്തകരും തമ്മിൽ സംഘർഷം ഉണ്ടാകുകയായിരുന്നു. എന്നാൽ, തങ്ങൾക്ക് സ്‌കൂളിനകത്തേക്ക് പ്രവേശിക്കാന്‍ പൊലീസിന് ഉദ്ദേശമുണ്ടായിരുന്നില്ലെന്നാണ് ഡെപ്യൂട്ടി കമ്മീഷണര്‍ മാധ്യമങ്ങളോട് പറഞ്ഞത്. അതേസമയം, സ്‌കൂളില്‍ ആര്‍എസ്എസ് പ്രവർത്തകർക്ക് പരിശീലനം നല്‍കാന്‍ അനുമതി നല്‍കിയതിനെതിരെ തന്തൈ പെരിയാര്‍ ദ്രാവിഡര്‍ കഴകം അടക്കമുള്ള സംഘടനകള്‍ ജില്ലാ മുഖ്യ വിദ്യാഭ്യാസ ഓഫീസര്‍ എന്‍ ഗീതയ്ക്ക് പരാതി നല്‍കി.