രാജ്യ തലസ്ഥാനത്ത് വീണ്ടും കൂട്ട ബലാത്സംഗം; ഇരുപത്തിയൊന്നുകാരിയെ പീഡിപ്പിച്ചത് തൊഴിലുടമ ഉൾപ്പെടെ മൂന്നുപേര്‍

single-img
2 January 2022

രാജ്യ തലസ്ഥാനമായ ഡൽഹിയിൽ വീണ്ടും കൂട്ട ബലാത്സംഗം. ഇരുപത്തിയൊന്നുവയസുകാരിയെ തൊഴിലുടമ ഉൾപ്പെടെമൂന്നുപേര്‍ ക്രൂരമായി പീഡിപ്പിച്ചതായി റിപ്പോർട്ടുകൾ.. ഡൽഹിയുടെ വെളിയിലുള്ള ജിമ്മിലെ ജീവനക്കാരിയായ 21കാരിയാണ് ക്രൂരമായി പീഡിപ്പിക്കപ്പെട്ടത്.

കഴിഞ്ഞ വ്യാഴാഴ്ച രാവിലെ ബുധ്വിഹാറിലാണ് ക്രൂരമായ പീഡനം നടന്നത്. പീഡനം നടത്തിയവരിൽ 39 കാരനായ ജിം ഉടമ, 35 വയസുള്ള ഫാക്ടറി മുതലാളി എന്നിവരെ തിരിച്ചറിയാന്‍ ഈ പീഡനത്തെ അതിജീവിച്ച പെണ്‍കുട്ടിക്ക് സാധിച്ചിട്ടുണ്ടെന്നാണ് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

സംഭവത്തിൽ പോലീസ് കൂട്ട ബലാത്സംഗത്തിനും ലൈംഗിക പീഡനത്തിനും അനധികൃതമായ തടഞ്ഞുവെയ്ക്കല്‍ അടക്കമുള്ള കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. താൻ സംഭവം പൊലീസില്‍ അറിയിച്ചതിന് പിന്നാലെ കൊലപാതക ഭീഷണി നേരിടുന്നതായും പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞിട്ടുണ്ട്..

ജിമ്മിൽ ചെയ്തിരുന്ന ജോലി പൂര്‍ത്തിയാക്കി മടങ്ങുനൊരുങ്ങിയ പെണ്‍കുട്ടിയെ തൊഴിലുടമ സുഹൃത്തിന്‍റെ ജിമ്മില്‍ ചില ജോലികള്‍ ഉണ്ടെന്ന് പറഞ്ഞു വിളിച്ചു വരുത്തിയാണ് പീഡിപ്പിച്ചത്. പെണ്‍കുട്ടി തൊഴിലുടമ ആവശ്യപ്പെട്ടതനുസരിച്ചു ജിമ്മിലെത്തിയപ്പോള്‍ കുറ്റകൃത്യം ചെയ്തവര്‍ നേരത്തെ തന്നെ എത്തിയിരുന്നു.

പെണ്‍കുട്ടി ഈ സ്ഥാപനത്തിലേക്ക് കയറിയതോടെ ഇവര്‍ ജിം അകത്തുനിന്ന് പൂട്ടിയിടുകയായിരുന്നു. ഇതിനെത്തുടർന്ന് പെൺകുട്ടി രക്ഷപ്പെടാന്‍ ശ്രമിച്ചിട്ടും ഇവര്‍ പീഡനം തുടരുകയായിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്.

അതേസമയം, ഡൽഹിയിൽ പഞ്ചനക്ഷത്ര ഹോട്ടലില്‍ വെച്ച് ഒരു ടൂറിസ്റ്റ് ഗൈഡ് ബലാത്സംഗത്തിനിരയായതായി പരാതിയുണ്ട് . ഡൽഹിയിലെ ഇന്ത്യാ ഗേറ്റിന് സമീപത്തെ ഹോട്ടലിയാണ് യുവതി ബലാത്സംഗത്തിനിരയായത്. തന്നെ ഒരു സ്ത്രീയടക്കം ആറ് പേര്‍ ചേര്‍ന്നാണ് ബലാത്സംഗം ചെയ്തതെന്ന് യുവതി പരാതിപ്പെട്ടതായി പൊലീസ് അറിയിച്ചു. സംഭവത്തിൽ പ്രധാന പ്രതിയെ പിടികൂടിയെന്നും മറ്റുള്ളവരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് വ്യക്തമാക്കി.