കർണാടകയിൽ സ്‌കൂളുകളില്‍ സൂര്യ നമസ്‌കാരം നടത്താൻ സർക്കുലർ; വിദ്യാഭ്യാസത്തെ കാവിവൽക്കരിക്കാൻ ശ്രമമെന്ന് ആരോപണം

single-img
2 January 2022

സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ററി വിദ്യാര്‍ഥികള്‍ക്ക് ഒരാഴ്‌ചത്തെ യോഗാഭ്യാസ സെഷൻ നടത്താനുള്ള കർണാടക സർക്കാരിന്‍റെ സർക്കുലർ വിവാദത്തില്‍. ഈ മാസം 1 ശനിയാഴ്ച മുതലാണ് സംസ്ഥാനത്തെ എല്ലാ എല്ലാ പ്രീ-യൂണിവേഴ്‌സിറ്റി കോളജുകളിലും ഒരാഴ്ചത്തെ യോഗ സെഷന്‍ നടത്താന്‍ സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരുന്നത്.

എല്ലാ ദിവസവും രാവിലെ അസംബ്ലി സമയത്ത് സൂര്യ നമസ്‌കാര സെഷനുകൾ നടത്താനും, പരമാവധി പങ്കാളിത്തം ഉറപ്പാക്കാനുമുള്ള കേന്ദ്ര നിർദേശത്തിന് അനുസൃതമായാണ് സംസ്ഥാന സര്‍ക്കാര്‍ ഡിസംബർ 12ന് സർക്കുലർ പുറപ്പെടുവിച്ചത്. ഇതുപ്രകാരം ജനുവരി 1 മുതൽ 7 വരെ 7 ദിവസത്തേക്ക് സൂര്യ നമസ്‌കാര സെഷനുകള്‍ നടത്താനാണ് സര്‍ക്കാര്‍ നിർദ്ദേശം നൽകിയിരുന്നത്.

എന്നാൽ സ്കൂൾ വിദ്യാഭ്യാസത്തെ കാവിവൽക്കരിക്കാനും, വിദ്യാർഥികളെ വർഗീയമായി ഭിന്നിപ്പിക്കാനുമാണ് സര്‍ക്കാര്‍ നടത്തുന്ന ശ്രമമെന്നാരോപിച്ച് സര്‍ക്കുലറിനെതിരെ നിരവധി സ്ഥാപനങ്ങള്‍ രംഗത്തെത്തി. സ്വാതന്ത്ര്യ ത്തിന്‍റെ 75-ാം വാർഷികം പ്രമാണിച്ച് ജനുവരി 26 ന് രാജ്യവ്യാപകമായി നടത്താനിരിക്കുന്ന ബഹുജന സൂര്യ നമസ്‌കാര സെഷനുവേണ്ടി വിദ്യാർഥികളേയും അധ്യാപകരെയും പരിശീലിപ്പിക്കുക എന്നതാണ് ഇതുവഴി കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യം വയ്‌ക്കുന്നതെന്നാണ് വിവരം. പ്രധാനമായും 12 യോഗാസനങ്ങൾ ഉള്‍പ്പെടുത്തി 7.5 ലക്ഷം പേർ പങ്കെടുക്കുന്ന ഒരു മെഗാ ഇവന്‍റാണ് കേന്ദ്രം ഇതിനായി ആസൂത്രണം ചെയ്തിരിക്കുന്നത്.