സ്ത്രീകള്‍ക്ക് മാത്രമായി ബീച്ച്; പ്രതിഷേധത്താൽ തീരുമാനം മാറ്റി ബംഗ്ലാദേശ് സര്‍ക്കാര്‍

single-img
31 December 2021

സ്ത്രീകള്‍ക്ക് വേണ്ടി മാത്രമായി ബീച്ച് ആവിഷ്‌കരിക്കുക എന്ന തീരുമാനത്തില്‍നിന്നും ബംഗ്ലാദേശ് സര്‍ക്കാര്‍ പിന്‍മാറി. രാജ്യത്ത് ശക്തമായിവരുന്ന ഇസ്‌ലാമിക മതമൗലികവാദികളെ പ്രീണിപ്പിക്കാനുള്ള നീക്കമാണ് ഇതെന്ന് സോഷ്യല്‍ മീഡിയയിലും പുറത്തും രൂക്ഷ വിമര്‍ശനം ഉയര്‍ന്നതിനെ തുടര്‍ന്നാണ് സർക്കാർ ഔദ്യോഗികമായി തീരുമാനം പിന്‍വലിച്ചത്.

സ്ത്രീകളും പുരുഷന്മാരും പരസ്പരം ഇടകലരുന്ന ബീച്ചുകള്‍ പൊതുവെ സ്ത്രീസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് പറഞ്ഞ് സര്‍ക്കാര്‍ വ്യാഴാഴ്ച ആരംഭിച്ച കോക്‌സ് ബസാറില്‍ ആരംഭിച്ച സ്ത്രീകള്‍ക്കു മാത്രമായുള്ള ബീച്ച് പുതിയ തീരുമാന പ്രകാരം ഇപ്പോൾ എല്ലാവര്‍ക്കുമായി മാറ്റി.

സർക്കാർ നേരത്തെ ബംഗ്ലാദേശിലെ കോക്‌സ് ബസാര്‍ ബീച്ചിന്റെ 150 മീറ്റര്‍ ഭാഗം സ്ത്രീകള്‍ക്ക് മാത്രമായി മാറ്റുകയായിരുന്നു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും തികച്ചും സുരക്ഷിതമായി സന്ദര്‍ശിക്കാന്‍ കഴിയുന്ന ബീച്ച് എന്നു പറഞ്ഞാണ് ഇവിടെ പ്രത്യേക ബീച്ച് പദ്ധതി നിലവില്‍ വന്നത്. ഈ തീരുമാനത്തെ ചില ഇസ്‌ലാമിസ്റ്റ് സംഘടനകള്‍ സ്വാഗതം ചെയ്യുകയും ചെയ്തിരുന്നു.

ഇതിനെ തുടർന്നാണ്, സോഷ്യല്‍ മീഡിയയിലടക്കം രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നത്. തീവ്ര ഇസ്‌ലാമിക മതമൗലികവാദികള്‍ക്ക് വഴങ്ങി സര്‍ക്കാര്‍ ബംഗ്ലാദേശിനെ താലിബാനിസ്താനാക്കി മാറ്റുകയാണ് എന്നായിരുന്നു വിമര്‍ശനം. ആണുങ്ങളും പെണ്ണുങ്ങളും പരസ്പരം കാണാത്ത ബംഗ്ലാദേശാണ് ഇസ്‌ലാമിസ്റ്റുകള്‍ ആഗ്രഹിക്കുന്നതെന്നും അതിന് വളംവെക്കുകയാണ് സര്‍ക്കാര്‍ എന്നുമായിരുന്നു മറ്റ് വിമര്‍ശനം. അതേസമയം, ചില സ്ത്രീകള്‍ ആവശ്യപ്പെട്ടതു കൊണ്ടാണ് സ്ത്രീകള്‍ക്കു മാത്രമായി ബീച്ച് കൊണ്ടുവന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വിശദീകരണം നൽകുകയുണ്ടായി.